വനം വകുപ്പ് റവന്യൂ ഭൂമി കയ്യേറി ; ജണ്ട സ്ഥാപിച്ചത് പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാലിലെ സ്ഥലത്ത്
ഇടുക്കി:ചിന്നക്കനാൽ വില്ലേജിൽ റവന്യൂ വകുപ്പിന്‍റെ ഭൂമിയിൽ വനം വകുപ്പിന്‍റെ കയ്യേറ്റം. എച്ച് എന്‍ എല്‍ കമ്പനിയുടെ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയിലാണ് വനം വകുപ്പ് നിയമ വിരുദ്ധമായി ജണ്ട സ്ഥാപിച്ചത്. റവന്യൂ സ്ഥലത്ത് ജണ്ട സ്ഥാപിച്ചതിനാൽ തുടർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ വില്ലേജ് ഓഫിസർ ഉടുമ്പൻ ചോല എൽ ആർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. എച്ച് എന്‍ എല്‍ കമ്പനിക്ക് യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതിന് 20 വർഷത്തേക്ക് സർക്കാർ നൽകിയ 296.28 ഹെക്‌ടര്‍ സ്ഥലത്തിന്‍റെ പാട്ടക്കാലാവധി 2020 -ൽ അവസാനിച്ചിരുന്നു. ഈ ഭൂമിയിൽ വനം വകുപ്പ് അനധികൃതമായി ജണ്ട സ്ഥാപിച്ചതായി കഴിഞ്ഞ 19-ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സ്ഥല പരിശോധനയിലാണ് കണ്ടെത്തിയത്. പാട്ടക്കാലാവധി അവസാനിച്ച ഭൂമിയുടെ യഥാർഥ അവകാശി റവന്യൂ വകുപ്പാണ്. സിങ്കുകണ്ടം, സിമന്‍റ്പാലം, സൂര്യനെല്ലി, പാപ്പാത്തിച്ചോല എന്നിവിടങ്ങളിലായാണ് എച്ച് എന്‍ എല്‍ കമ്പനിക്ക് നൽകിയ ഭൂമിയുള്ളത്. വനം വകുപ്പ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഈ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തി സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണെന്നും വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലുണ്ട്. 301 കോളനിക്ക് സമീപത്തായുള്ള റവന്യൂ ഭൂമിയിൽ ജണ്ട സ്ഥാപിക്കുന്നത് നേരത്തെ നാട്ടുകാർ എതിർത്തിരുന്നു. എന്നാല്‍, ഈ പ്രദേശം വനഭൂമിയാണെന്നും ജണ്ട സ്ഥാപിക്കുന്നത് എതിര്‍ത്താല്‍ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ഭീഷണിപ്പെടുത്തി. ചിന്നക്കനാല്‍ മേഖലയില്‍ വനവിസ്‌തൃതി വർധിപ്പിക്കുന്നതിനും ആളുകളെ കുടിയിറക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് വനം വകുപ്പ് നടപടികളെന്ന ആരോപണമാണ് ആദിവാസി സംഘടനകള്‍ ഉന്നയിക്കുന്നത്. പുതിയ ദേശീയോദ്യാനം സ്ഥാപിക്കാൻ 2019-ൽ ആനയിറങ്കൽ ജലാശയത്തിന് ചുറ്റുമുള്ള 1,252 ഹെക്‌ടർ ഭൂമി ഉൾപ്പെടുത്തിക്കൊണ്ടൊരു പദ്ധതി തയ്യാറാക്കി വനം വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും വനം വകുപ്പ് പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് പതിച്ച് നൽകിയ 276 ഹെക്‌ടർ ഭൂമിയും എച്ച് എന്‍ എല്ലിന്‍റെ പാട്ടക്കാലാവധി അവസാനിച്ച സ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണ് ദേശീയോദ്യാനത്തിന് വേണ്ടി വനം വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതെല്ലാം റവന്യൂ വകുപ്പിന് കീഴിലുള്ള ഭൂമിയാണ്.