ബിഹാര്‍ പ്രക്ഷുബ്‌ധം ; നളന്ദയിലും സസാരത്തും വെടിവയ്‌പ്പും കല്ലേറും, നിരവധി പേര്‍ക്ക് പരിക്ക് - വെടിവയ്പ്പ്
നളന്ദ (ബിഹാര്‍) : ആക്രമണവും വെടിവയ്‌പ്പുമായി ബിഹാറിലെ നളന്ദ കലുഷിതം. ജില്ലയിലെ ബിഹാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്‌ത പ്രദേശങ്ങളിലാണ് ആക്രമണം അരങ്ങേറുന്നത്. അതേസമയം പഹർപുര മേഖലയിൽ വെടിവയ്പ്പ് തുടരുകയാണെന്നാണ് വിവരം.
പ്രദേശത്തുണ്ടായ വെടിവയ്‌പ്പില്‍ ഒരു യുവാവും വയോധികനുമടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ബനോലിയ പ്രദേശത്തണ്ടായ കല്ലേറില്‍ ഒരു പൊലീസുകാരനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അനിഷ്‌ട സംഭവങ്ങൾ അരങ്ങേറാതിരിക്കാൻ ഭരണകൂടം നിരന്തരം ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മൈക്കിലൂടെ ക്രമസമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചുവരികയാണ്. മാത്രമല്ല ജില്ല മെഡിക്കല്‍ ഓഫിസറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അതേസമയം ഗുൽഷൻ കുമാർ, മുഹമ്മദ് താജ് എന്നിവര്‍ക്കാണ് വെടിവയ്‌പ്പില്‍ പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇരുവരെയും ബിഹാർ ഷരീഫ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുകൂടാതെ, സോഹ്‌സരായ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഖഷ്ഗഞ്ച് പ്രദേശത്തും ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റവും വെടിവയ്‌പ്പുമുണ്ടായി. ഇതിൽ പരിക്കേറ്റ റിട്ടയേഡ് പ്രൊഫസറും ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്താണ് സംഭവം:രാമനവമിക്ക് ശേഷം വെള്ളിയാഴ്‌ചയാണ് നളന്ദയിലും സസാരത്തിലും അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതിന്‍റെ ഭാഗമായി ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ കല്ലേറുണ്ടായി. മാത്രമല്ല പത്തോളം വാഹനങ്ങളും അഗ്നിക്കിരയായിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്‌നത്തിന് അയവുവന്നിട്ടില്ല.