'നാട്ടുകാരുടെ അഭിപ്രായത്തിന് മുൻതൂക്കം'; അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ - എറണാകുളം വാര്‍ത്തകള്‍
എറണാകുളം: അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്‌ധ സമിതി ബുധനാഴ്‌ച (05.04.23) ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വിദഗ്‌ധ സമിതി യോഗത്തിന് ശേഷം അമിക്കസ് ക്യൂറി എസ് രമേഷ് ബാബുവാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ സമർപ്പിക്കുക സമവായത്തിലുളള റിപ്പോർട്ട് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യരെയും മൃഗങ്ങളെയും പരിഗണിച്ചുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. സന്തുലിതമായ റിപ്പോർട്ട് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. അരിക്കൊമ്പൻ വിഷയത്തിൽ നാട്ടുകാരുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകും. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും രമേഷ് ബാബു പറഞ്ഞു.
നാട്ടുകാർക്ക് എല്ലാവർക്കും ഒരേ അഭിപ്രായമാണുള്ളത്. വിദഗ്‌ധ സമിതിയുടെ അഭിപ്രായം ഈ റിപ്പോർട്ടിലുണ്ടാകും. എന്നാൽ ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. സമരക്കാരിൽ പരാതിയുള്ളവരെ ഇനിയും കാണാൻ തയ്യാറാണെന്നും അഡ്വക്കേറ്റ് എസ് രമേശ് ബാബു പറഞ്ഞു.
ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി അരിക്കൊമ്പന്‍റെ ഭീഷണി നേരിടുന്ന ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് സമിതി കൊച്ചിയിൽ പ്രത്യേക യോഗം ചേർന്നത്. രാവിലെ ആരംഭിച്ച യോഗം രാത്രിയോടെയാണ് അവസാനിച്ചത്.
കർഷകര്‍, ആദിവാസി ഊരുകളിലെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി വിദഗ്‌ധ സമിതി ചർച്ച നടത്തി. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫിസിൽ ചേർന്ന യോഗത്തിന് ശേഷമാണ് അഞ്ചാംഗ വിദഗ്‌ധ സമിതി കാട്ടാന ആക്രമണം രൂക്ഷമായ മേഖലയിൽ സന്ദർശനം നടത്തിയത്. ആനയിറങ്കലിൽ എത്തിയ സമിതിയോട് കുട്ടികൾ ഉൾപ്പടെ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
ആനയിറങ്കൽ, പന്നിയാർ, തുടങ്ങിയ സ്ഥലങ്ങളിലും സംഘം സന്ദർശനം നടത്തി. പ്രതിഷേധം നടക്കുന്ന സിങ്കുകണ്ടവും 301 കോളനിയും സംഘം സന്ദര്‍ശിച്ചിരുന്നില്ല. അഞ്ച് ആദിവാസി ഊരുകളിൽ നിന്നായി പത്ത് പേരിൽ നിന്നും ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്‌ന ബാധിത പ്രദേശത്തെ ആറ് കർഷകരിൽ നിന്നും ജനപ്രതിനിധികളിൽ വിദഗ്‌ധ സംഘം വിവരങ്ങൾ ശേഖരിച്ചു. കാട്ടാന വരുത്തിയ നാശനഷ്‌ടങ്ങളും സംഘം വിലയിരുത്തി.
കുങ്കിയാന താവളത്തിലും സമിതി സന്ദർശനം നടത്തിയിരുന്നു. കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, പ്രൊജക്‌ട് ടൈഗർ സിസിഎഫ് പിപി പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻവികെ അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടര്‍ ഡോ. പി.എസ് ഈസ എന്നിവരാണ് അമിക്കസ് ക്യൂറിക്ക് പുറമെ വിദഗ്‌ധ സമിതിയിലുള്ളത്.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുക എന്നതിനപ്പുറം വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന നിരീക്ഷണമാണ് ഈ കേസ് പരിഗണിച്ച വേളയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ പരിശോധിക്കാനാണ് പ്രത്യേക വിദഗ്‌ധ സമിതിക്ക് കോടതി രൂപം നൽകിയത്. വിഷയത്തിൽ ശാശ്വത പരിഹാര മാർഗങ്ങൾ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം.