എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം; കൊയിലാണ്ടിയിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി - latest news in kozhikode
കോഴിക്കോട്: കൊയിലാണ്ടിയിൽ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളായ മേലൂർ സ്വദേശി നിമേഷ്, അരങ്ങാടത്ത് സ്വദേശി മുർഷിദ്, പെരുവട്ടൂർ സ്വദേശി യാസിർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ (ഓഗസ്റ്റ് 15) രാത്രി 8 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. കൊയിലാണ്ടി നഗരത്തിലെ ഒരു കടയില്‍ മയക്ക് മരുന്ന് വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോഴാണ് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. എക്സൈസ് ഇൻസ്പെപെക്‌ടര്‍ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫിസർമാരായ സജീവൻ, എ.കെ രതീശൻ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും സംഘം ആക്രമണം അഴിച്ച് വിട്ടു. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 332, 308 കൃത്യനിർവ്വഹണത്തിനിടെയുള്ള ആക്രമണം, കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.