ETV Bharat Exclusive KSRTC Hi Tech Buses മുഖ്യമന്ത്രിയുടെ 'ഓണസമ്മാനം' കട്ടപ്പുറത്ത്; 2-ാം ദിനം വഴിയില്‍ കിടന്ന് കെഎസ്‌ആര്‍ടിസി ഹൈടെക് ബസുകള്‍
Published : Aug 28, 2023, 8:33 PM IST
|Updated : Aug 28, 2023, 9:02 PM IST
തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയിൽ (Smart City Project) ഉൾപ്പെടുത്തി നഗരത്തിൽ സർവീസ് ആരംഭിച്ച കെഎസ്‌ആര്‍ടിസി (KSRTC) ബസുകൾ കട്ടപ്പുറത്ത്. സർവീസ് ആരംഭിച്ച ഏഴ് ബസുകളാണ് പെരുവഴിയിലായത്. ഇതിൽ രണ്ട് ബസുകളുടെ മോട്ടോറിന്‍റെ പ്രവർത്തനം നിലച്ചു. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം മാത്രം കഴിഞ്ഞ ബസുകളാണ് (Buses) പണിമുടക്കിയത്. പാപ്പനംകോട് ഡിപ്പോ (Pappanamcode Depot), സിറ്റി ഡിപ്പോ (City Depot), വികാസ് ഭവൻ ഡിപ്പോ (Vikas Bhavan Depot) എന്നിവിടങ്ങളിലെ ബസുകളാണ് വഴിയിലായത്. പാപ്പനംകോട് ഡിപ്പോയിലെ ഒരു ബസിന്‍റെയും വികാസ് ഭവനിലെ ഒരു ബസിന്‍റെയും മോട്ടോറാണ് തകരാറിലായത്. സിറ്റി ഡിപ്പോയിലെ മൂന്ന് ബസുകളും വികാസ് ഭവനിലെയും പാപ്പനംകോട് ഡിപ്പോകളിലെയും ഓരോ ബസുകളും ചാർജ് തീർന്ന് വഴിയിൽ നിൽക്കുകയുമായിരുന്നു. സർവീസിനിടെയാണ് എല്ലാ ബസുകളും വഴിമുടക്കിയത്. ഇതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ട ശേഷം വർക്ക്‌ഷോപ്പ് വാഹനമെത്തി ബസുകൾ നീക്കം ചെയ്യുകയായിരുന്നു. ഒറ്റ ചാർജിൽ 200 കിലോമീറ്ററായിരുന്നു ബസുകൾക്ക് കമ്പനി പറഞ്ഞ ഉറപ്പ്. എന്നാൽ 100-110 കിലോമീറ്ററിനകത്ത് ബസുകൾ ഓട്ടം നിലയ്‌ക്കുകയായിരുന്നു. ഇതോടെ നിലവാരമില്ലാത്ത ബസുകളാണ് പുതുതായി എത്തിച്ചതെന്ന ആക്ഷേപവും ശക്തമായി. ഡീസൽ വാഹനങ്ങൾ (Diesel Vehicles) നിരത്തിൽ നിന്നും പതുക്കെ ഒഴിവാക്കി ഹരിത ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ 113 ഹരിത ബസുകൾ നിരത്തിലിറക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 60 ബസുകളാണ് 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഫ്ലാഗ് ഓഫ് ചെയ്‌തത്. കാഫ് സപ്പോർട്ടുള്ള സെമി സ്ലീപ്പർ സീറ്റുകൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പിൻവശത്ത് രണ്ട് എമർജൻസി എക്‌സിറ്റ് വാതിലുകൾ, എല്ലാ സീറ്റിന് മുകളിലും റീഡിങ് ലൈറ്റുകൾ, അടിയന്തര സാഹചര്യങ്ങൾ ഡ്രൈവറെ അറിയിക്കാൻ പാനിക് ബട്ടൺ, നാല് സിസിടിവി കാമറകൾ, മ്യൂസിക് സിസ്‌റ്റം, 32 ഇഞ്ച് എൽഇഡി ടിവി തുടങ്ങിയവയാണ് ഹൈബ്രിഡ് ബസിന്‍റെ പ്രത്യേകതകൾ. ബസുകളുടെ ഫ്ലാഗ് ഓഫ് കൂടാതെ മാർഗദർശി, എന്‍റെ കെഎസ്ആർടിസി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി അന്നേദിവസം നിർവഹിച്ചിരുന്നു.