Video | 5 വയസുകാരിയുടെ കൊലപാതകം: പ്രതിയ്‌ക്കെതിരെ വൈകാരികമായി പ്രതികരിച്ച് നാട്ടുകാര്‍ - aluva minor girl rape case native people response
എറണാകുളം:ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് നാട്ടുകാര്‍. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും സംഭവം നടന്ന പ്രദേശത്തെ സ്വൈര്യജീവിതം പുനസ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ച പ്രതിയ്‌ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടർന്ന്, സംഭവ സ്ഥലത്ത് ഇറക്കി തെളിവെടുക്കാൻ പോലും പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. നാട്ടുകാരിൽ ചിലർ പ്രതിയെ തങ്ങൾക്ക് വിട്ട് തരണമെന്നും നിയമം തങ്ങൾ നടപ്പിലാക്കുമെന്നും സംഭവ സ്ഥലത്ത് നിന്ന് വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. ആലുവയിലെ നാട്ടുകാർക്ക് പോലും അറിയാത്ത, മാർക്കറ്റിന്‍റെ ആളൊഴിഞ്ഞ പിറകുവശത്ത് പ്രതി എങ്ങനെയെത്തിയെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു. നാട്ടുകാരിൽ ചിലർ തങ്ങളുടെ അമർഷവും ആശങ്കയും പ്രതിഷേധവും ഇടിവി ഭാരതിനോട് പങ്കുവച്ചു. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആലുവ മാർക്കറ്റിന് സമീപം ഇന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തെ നേരത്തേ പിടികൂടിയിരുന്നു. പെൺകുട്ടിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക്ക് ആലം, പൊലീസിന് മൊഴി നൽകിയിരുന്നത്. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെവച്ച് ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് അസ്‌ഫാക്ക് ആലത്തേയും സക്കീറിനേയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.