Epidemic In Idukki | പടർന്ന് പിടിച്ച് മന്തും ഡെങ്കിപ്പനിയും, കരുണാപുരത്ത് കനത്ത ജാഗ്രത - മന്ത്
ഇടുക്കി: കരുണാപുരം ഗ്രാമപഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തി മേഖലകളിൽ അതിഥി തൊഴിലാളികൾക്കിടെയിൽ പകർച്ചവ്യാധി. കുഷ്‌ഠരോഗം, മന്ത്, ഡെങ്കിപ്പനി തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ വകുപ്പ്, മേഖലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പഞ്ചായത്ത് നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. പഞ്ചായത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കാണ് കുഷ്‌ഠരോഗം സ്ഥിരീകരിച്ചത്. മറ്റൊരാൾ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.
ജാർഖണ്ഡ് സ്വദേശികൾക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തിര നടപടികള്‍ ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും കണ്ടെത്തി ഇവരെ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
വ്യാഴാഴ്‌ചയോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അഞ്ചുപേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചിച്ചത്. നാലുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.
ഇതോടുകൂടി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് എടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസവും തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന മേഖലകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളി ലയങ്ങൾ, തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അവബോധവും, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.