നഗരം മുൾമുനയിൽ: കോട്ടയം തുരുത്തിയിൽ ആശങ്ക സൃഷ്‌ടിച്ച് കൊമ്പൻ്റെ പരാക്രമം - accident
കോട്ടയം:തുരുത്തി, എം സി റോഡിൽ ആശങ്ക സൃഷ്‌ടിച്ച് കൊമ്പന്‍റെ പരാക്രമം. ചങ്ങനാശ്ശേരി വാഹനത്തിൽ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകർത്തു. ഇതിന് പിന്നാലെ ഡോ. സാബു സി ഐസക്കിന്‍റെ നേതൃത്വത്തിൽ എലിഫന്‍റ് സ്ക്വാഡ് എത്തി മയക്കു വെടിവയ്ക്കുകയായിരുന്നു.
ആന ഇടഞ്ഞതോടെ മണിക്കൂറുകളായി എം സി റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗതം സ്‌തംഭിച്ചു. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിലേക്ക് ആനയെ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് സംഭവം. ആളുകൾക്ക് അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ പാപ്പാൻമാർ ആനയെ ലോറിയിൽ തളച്ചിരുന്നു.
വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച് വാഹനം തകർത്ത് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു. മൂന്ന് വൈദ്യുത പോസ്‌റ്റുകളാണ് ആന തകർത്തത്. ഇതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി ഒടുക്കം എലിഫന്‍റ് സ്ക്വാഡ് എത്തി സമീപത്തെ ബിൽഡിങ്ങിൽ നിന്ന് മയക്കു വെടി വക്കുകയായിരുന്നു. ഇടഞ്ഞതിനാൽ ആനയുടെ സമീപത്തേക്ക് പാപ്പാൻമാർക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. ഇതോടെ തിരക്കേറിയ എം.സി റോഡിൽ ഗതാഗതം പൂർണമായും തടസ്സപെട്ടു. പോലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി. വൻ ജനക്കൂട്ടവും തടിച്ചുകൂടി. ഇടറോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.