പൊതുപരീക്ഷയെത്തി: വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
തിരുവനന്തപുരം: പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്നും വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യാഴാഴ്ച മുതൽ നടക്കുന്ന വാർഷിക പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മന്ത്രി വിജയാശംസകളും നേർന്നു. വിദ്യാർഥികൾക്ക് ക്ലാസ് റൂമുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും സുരക്ഷ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ ഇടവേളക്കുശേഷം ഒരു പൂർണ അധ്യായന വർഷം ലഭിച്ചത് ഇത്തവണയാണ്. പരീക്ഷയെ കുറിച്ച് യാതൊരു പേടിയും വേണ്ട. ഒരു പരീക്ഷയല്ല ജീവിതം നിർണയിക്കുന്നത്.
ഇതെല്ലാം വിദ്യാഭ്യാസ യാത്രയുടെ ചില അനിവാര്യതകൾ മാത്രം. പരീക്ഷാകാലത്ത് സമ്മർദ്ദം ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുതെന്നും മന്ത്രി സൂചിപ്പിച്ചു.
മാർച്ച് ഒന്‍പതിന് എസ്എസ്എൽസി പരീക്ഷകളും മാർച്ച് 10ന് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും 13ാം തീയതി മുതല്‍ ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷയുമാണ് ആരംഭിക്കുക. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങളും നടത്തും. തുടർന്ന് മെയ് രണ്ടാം വാരത്തിൽ തന്നെ റിസൾട്ട് പ്രസിദ്ധീകരിക്കും.
സർക്കാർ മേഖലയിൽ 1170 സെന്‍ററുകളും എയ്‌ഡഡ് മേഖലയിൽ 1421 സെന്‍ററുകളും അൺ എയ്‌ഡഡ് മേഖലയിൽ 369 സെന്‍ററുകളും ആയി 419554 വിദ്യാർഥികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് രാവിലെയും മറ്റു വിദ്യാർഥികൾക്ക് ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.