കേരളം

kerala

ഇ-പോസ് തകരാര്‍

ETV Bharat / videos

ഇ-പോസ് തകരാര്‍: റേഷന്‍ വിതരണം പ്രതിസന്ധിയില്‍, ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കില്ല - നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍

By

Published : Apr 27, 2023, 1:07 PM IST

ഇടുക്കി: ഇ-പോസ് തകരാര്‍ മൂലം സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍. ഇന്നും നാളെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. സെര്‍വറിലെ ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ട് ദിവസം ആവശ്യമാണെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ അറിയിച്ചിതിനെ തുടര്‍ന്നാണ് രണ്ട് ദിവസം റേഷന്‍ കട അടച്ചിടുന്നത്.  

സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചാം തിയതി വരെ നീട്ടിയിട്ടുണ്ട്. റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മാസാവസാനമായിട്ടും പല റേഷന്‍ കടകളിലും പകുതി റേഷന്‍ വിതരണം പോലും പൂര്‍ത്തീകരിയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇടുക്കി നെടുങ്കണ്ടത്ത് ഇ പോസ് മെഷീന്‍ തിരികെ ഏല്‍പ്പിച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ്, സെര്‍വര്‍ തകരാറുകള്‍ മൂലം റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്.  

തുടര്‍ച്ചയായ ദിവസങ്ങളില്‍, റേഷന്‍ ലഭ്യമാകാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടായതോടെ പല മേഖലകളിലും കാര്‍ഡ് ഉടമകളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇടുക്കിയിലെ തോട്ടം, കാര്‍ഷിക മേഖലകളിലെ സാധാരണക്കാരാണ് റേഷന്‍ വിതരണം തുടര്‍ച്ചയായി മുടങ്ങിയതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായത്. നിലവില്‍ ഈ മാസം ജില്ലയില്‍ 40 ശതമാനത്തോളം മാത്രം റേഷന്‍ വിതരണമാണ് നടന്നിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.

റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായ സാഹചര്യത്തില്‍ ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇ പോസ് മെഷീനുകള്‍ നെടുങ്കണ്ടം സപ്ലൈ ഓഫിസില്‍ തിരികെ ഏല്‍പ്പിച്ച് പ്രതിഷേധിച്ചു. കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മെച്ചപെട്ട സെര്‍വര്‍, ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി റേഷന്‍ വിതരണം സുഗമമാക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ABOUT THE AUTHOR

...view details