കെപിസിസി പുനഃസംഘടന: തർക്കങ്ങൾ പരിഹരിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്:കെപിസിസി പുനഃസംഘടനയിൽ തർക്കങ്ങൾ പരിഹരിച്ചുവെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ രാഷ്‌ട്രീയ പാർട്ടിയിലും പ്രശ്‌നങ്ങൾ ഉണ്ട്. അതുവച്ച് നോക്കുമ്പോൾ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങൾ അത്ര ഗൗരവമുള്ളതല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ കൊച്ച് കൊച്ച് അസ്വാരസ്യങ്ങളുണ്ട്. അത് പരിഹരിക്കേണ്ട നടപടി ഓൾ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചു കഴിഞ്ഞു. അതിന്‍റെ ഫലമായി ഐക്യത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തന്‍റെ അഭിപ്രായങ്ങൾ കോഴിക്കോട് അടക്കമുള്ള ഡിസിസി പുനഃസംഘടനയിൽ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
റായ്‌പൂരിലെ ഓൾ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയിൽ എടുത്ത തീരുമാനം പോലെ പുനഃസംഘടനയിൽ യുവാക്കൾക്കും മഹിളകൾക്കും ദലിത് വിഭാഗത്തിൽ പെട്ടവർക്കും മതിയായ പ്രാതിനിധ്യം നൽകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും, അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്‍റിന് പൂർണാധികാരം നൽകാതെ അന്തിമ തീരുമാനത്തിനായി എംപിമാരെ അടക്കം ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിക്കാനാണ് തീരുമാനം. കോൺഗ്രസ് പുനസംഘടനയെ ചൊല്ലി എംപിമാർ ഉയർത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിലപാടെന്നാണ് സൂചന.
ALSO READ:കെപിസിസി പുനസംഘടന : പ്രസിഡന്‍റിന് പൂർണാധികാരം നൽകില്ല ; അന്തിമ തീരുമാനത്തിനായി പ്രത്യേക സമിതി