ജനങ്ങള്‍ തലങ്ങും വിലങ്ങും നടക്കവെ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു - ഡല്‍ഹി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഭജന്‍പുര പ്രദേശത്തുള്ള ബഹുനില കെട്ടിടം തകര്‍ന്ന് വീണു. അഗ്നിശമന സേനയ്‌ക്ക് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇന്ന് ഉച്ചക്ക് 3.05 നാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടം തകരുമ്പോള്‍ അതിനകത്ത് ആളുകളുണ്ടായിരുന്നോ എന്നതും അപകടത്തിന് പിന്നിലെ കാരണമെന്താണെന്നതും നിലവില്‍ വ്യക്തമല്ല.
ജനസാന്ദ്രത കൂടിയ പ്രദേശത്തുള്ള കെട്ടിടം പൊടുന്നനെ തകര്‍ന്നു വീഴുന്ന ദൃശ്യം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതിനിടയില്‍ കെട്ടിടം തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല വീഡിയോയില്‍ കെട്ടിടം പഴക്കം ചെന്നതായി കാണാനാവുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് രക്ഷപ്രവര്‍ത്തനം തുടരുകയാണെങ്കിലും ആളപായം, നാശനഷ്‌ടങ്ങള്‍ തുടങ്ങിയ മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വടക്കന്‍ ഡല്‍ഹിയിലെ റോഷനാര റോഡിലെ നാലുനില കെട്ടിടം തീപിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ചിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഈ അപകടത്തില്‍ ആളപായങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. കൂടാതെ കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെ തന്നെ ശാസ്‌ത്രി നഗറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണിരുന്നു. എന്നാല്‍ ആള്‍ത്താമസമില്ലാത്തതിനാലും കെട്ടിടം ശൂന്യമായതിനാലും അന്നും ആളപായങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഈ അപകടത്തിന്‍റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.