കാവേരി നദി കരകവിഞ്ഞു; കഴുത്തറ്റം വെള്ളത്തിൽ മൃതദേഹവുമായി നാട്ടുകാർ - മഹാദേവപുരം
മാണ്ഡ്യ (കർണാടക): കഴുത്തറ്റം വെള്ളത്തിൽ മൃതദേഹവുമായി പോകുന്ന ദൃശ്യം ഏവരെയും വേദനിപ്പിക്കുന്നതാണ്. കർണാടകയിലെ ശ്രീരംഗപട്ടണത്തെ മഹാദേവപുരം ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയിൽ കെആർഎസ് അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങിയതോടെയാണ് കാവേരി നദി കരകവിഞ്ഞത് ഗ്രാമം വെള്ളത്തിലായത്. ഞായറാഴ്‌ച രാത്രിയാണ് സുമലോചന എന്ന സ്ത്രീ മരണപെട്ടത്. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ശ്‌മശാനത്തിലേക്കുള്ള വഴിയിൽ വെള്ളം കയറി. ശ്‌മശാനത്തിലേക്ക് എത്താൻ മറ്റൊരു മാർഗവും ഇല്ലാതായി. ഇതോടെയാണ് നാട്ടുകാരും ബന്ധുക്കളും വെള്ളപ്പൊക്കത്തെ വകവെയ്ക്കാതെ തലചുമടായി മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്. ഈ ദാരുണമായ അവസ്ഥയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശ്‌മശാനത്തിലേക്കുള്ള വഴിയിൽ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Feb 3, 2023, 8:26 PM IST