'ചിന്നപ്പംപട്ടി ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം, നട്ടുവിന്‍റെ സ്വപ്‌നം യാഥാർഥ്യമായി'; ജന്മനാടിനായി ക്രിക്കറ്റ് മൈതാനം സമർപ്പിച്ച് ഇന്ത്യൻ താരം ടി നടരാജൻ - Cricket news
സേലം : ജന്മനാടിനായി ക്രിക്കറ്റ് മൈതാനം സമർപ്പിച്ച് ഇന്ത്യൻ പേസ് ബോളർ ടി നടരാജൻ. സേലം ജില്ലയിലെ ശങ്കഗിരിക്കടുത്തുള്ള ചിന്നപ്പംപട്ടി ഗ്രാമത്തിൽ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി പണികഴിപ്പിച്ച മൈതാനം ഇന്നലെയാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഗ്രൗണ്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ച ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് പിച്ച് പരിശോധനയും നടത്തി. പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി അക്കാദമിയും അതുമായി ബന്ധപ്പെട്ട മൈതാനവും ഒരുക്കിയതിൽ നടരാജനെ ചടങ്ങിൽ സംസാരിച്ച കാർത്തിക് അഭിനന്ദിച്ചു.
'ഞാനും എന്‍റെ സഹോദരനും ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ സമയത്ത് സ്‌കൂൾ ഗ്രൗണ്ടുകളാണ് പരിശീലനത്തിനായി ആശ്രയിച്ചിരുന്നത്. അന്നുമുതൽ നാട്ടിലൊരു ഗ്രൗണ്ട് എന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. എന്നാൽ ഇപ്പോഴാണ് ഞങ്ങൾക്കത് സാക്ഷാത്‌കരിക്കാനായതെന്നും ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച നടരാജൻ പറഞ്ഞു.
യുവ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുന്നതിനാണ് അക്കാദമി മുൻഗണന നൽകുന്നത്. ഇത്തരത്തിലൊരു പിച്ചിൽ പരിശീലിക്കുന്നത് യുവതാരങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. ഗ്രൗണ്ട് പരിപാലിക്കുന്നതിനും തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുമുള്ള ചെലവുകൾ പരിഗണിച്ച് പരിശീലനത്തിനായെത്തുന്നവരിൽ നിന്നും ചെറിയൊരു തുക ഫീസിനത്തിൽ ഇടാക്കാനാണ് പദ്ധതിയെന്നും നടരാജൻ കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് താരങ്ങളായ വരുൺ ചക്രവർത്തി, വാഷിങ്‌ടൺ സുന്ദർ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് പി. അശോക് സിഗമണി, സേലം ജില്ല പൊലീസ് സൂപ്രണ്ട് ആർ. ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമ നടന്മാരായ യോഗി ബാബു, പുഗജ്, ഗോപി, തമിഴ്‌നാട് ക്രിക്കറ്റ് ടീമിലെയും തമിഴ്‌നാട് പ്രീമിയർ ലീഗിലെയും കളിക്കാരും എത്തിയിരുന്നു.