കേരളം

kerala

പ്രതിഷേധവുമായി സിപിഎം

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്, ഇവിടെയും ജനങ്ങളുണ്ട്'; പ്രതിഷേധവുമായി സിപിഎം

By

Published : Apr 6, 2023, 6:05 PM IST

Published : Apr 6, 2023, 6:05 PM IST

പാലക്കാട് :ഇടുക്കിയിൽ നിന്ന്അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധവുമായി സിപിഎം. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലേക്ക് സിപിഎം ഇന്ന് രാവിലെ മാര്‍ച്ച് നടത്തി. വിവിധ ആദിവാസി ഊരുകളിലെ നിവാസികളടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു.

ചിന്നക്കനാലിൽ നിന്ന് ജനവാസമേഖലയിൽ ഭീഷണിയായി തുടരുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതുവാരച്ചാലിലേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവ്. ഇടുക്കി സന്ദർശിച്ച വനം വകുപ്പ് വിദഗ്‌ധ സമിതി അംഗങ്ങളുടെ തെറ്റായ നിർദേശത്തെ തുടര്‍ന്നാണ് കോടതിയുടെ ഈ നിർദേശമെന്ന് എംഎൽഎ ആരോപിച്ചു. പറമ്പിക്കുളത്ത് ജനവാസം കുറവാണെന്ന സമിതിയുടെ നിർദേശം തെറ്റാണ്. ആനയെ കാടുകയറ്റുന്ന പ്രദേശത്തിന് അടുത്താണ് കൂരിയാർക്കുറ്റി കോളനി. 600ലേറെ കുടുംബങ്ങളാണ് ഈ കൂരിയാർക്കുറ്റി കോളനിയിലുള്ളത്. 

'ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും':കച്ചിത്തോട്, തേക്കടി, ചെമ്മണാംപതി, വടക്കഞ്ചേരി, മംഗലം ഡാം തുടങ്ങിയ പ്രദേശങ്ങളിലും അരിക്കൊമ്പന് എത്താനാവുന്ന ദൂരം മാത്രമാണുള്ളത്. തീരുമാനം അശാസ്ത്രീയമാണെന്നും ജനകീയ പ്രതിഷേധത്തിന് ഒപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചിന്നക്കനാൽ സന്ദർശിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ബുധനാഴ്‌ചയാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം, വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളം വനമേഖലയിൽ വിടാന്‍ വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

വനം വകുപ്പിന്‍റെ കൈയിൽ റേഡിയോ കോളർ ഇല്ലാത്തതിനാൽ ഈസ്റ്റർ കഴിഞ്ഞ് പദ്ധതി നടപ്പിലാക്കാനാണ് വനം വകുപ്പ് തീരുമാനം. അസമിൽ നിന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ വിമാന മാർഗം എത്തിക്കാനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പറമ്പിക്കുളം വനമേഖലയിൽ മൊബൈലിന് റേഞ്ചില്ല. പുറമെ, വനം വകുപ്പിന്‍റെ കൈയിൽ നിലവിലുള്ള റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇക്കാരണത്തിലാണ് പുതിയ റേഡിയോ കോളർ വനം വകുപ്പ് കൊണ്ടുവരുന്നത്. 

ABOUT THE AUTHOR

...view details