ശവസംസ്‌കാര ചടങ്ങിനിടെ സിപിഎം - ബിജെപി സംഘർഷം; ഏറ്റുമുട്ടൽ മരിച്ചയാളുടെ പാർട്ടി അനുഭാവത്തെ ചൊല്ലി
കണ്ണൂർ: ഇരിട്ടി കുയിലൂരിൽ യുവാവിൻ്റെ ശവസംസ്‌കാര ചടങ്ങിനിടെ സിപിഎം - ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും മത്സരിച്ചപ്പോൾ മരണവീട്ടിൽ കൂട്ടയടി നടന്നു. പിടിവലിക്കിടയിൽ മൃതദേഹം ഒരു വിഭാഗം അധീനതയിലാക്കി.
ഞായറാഴ്‌ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ വി പ്രജിത്ത് അപകടത്തിൽ മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തിരുവനന്തപുരത്തുള്ള സഹോദരൻ്റെ വരവിനായി രാത്രി ഏഴ് മണി വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു.
സഹോദരൻ അന്തിമോപചാരം അർപ്പിച്ച് മൃതദേഹം ദഹിപ്പിക്കാൻ എടുക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ബിജെപി - സിപിഎം പ്രവർത്തകർ മൃതദേഹം ചിതയിലേക്ക് കൊണ്ടു പോകുവാൻ തമ്മിൽ തല്ലുകയായിരുന്നു. നേരത്തെ സിപിഎം പ്രവർത്തകനായ പ്രജിത്ത് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
മൃതദേഹം വീട്ടിൽ നിന്നും ചിതയിലേക്ക് എടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിൻ്റെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും കൈയിൽ പൂക്കൾ കരുതിയിരുന്നു. ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയിൽ സിപിഎം പ്രവർത്തകർ മൃതദേഹം സംസ്‌കരിക്കാൻ എടുത്തതോടെ പിടിവലിയായി.
പിന്നാലെ പോർവിളിയുമായി മറു വിഭാഗവും എത്തി. ചിതയിൽ കിടത്തിയ മൃതദേഹത്തിന് ചുറ്റും ദഹിപ്പിക്കാൻ എത്തിച്ച വിറകുമായി ബഹളവും ഉന്തും തള്ളമുണ്ടായി. ഇതിനിടയിൽ ചിലർക്ക് മർദനവുമേറ്റു. പരസ്‌പരം പോർവിളി തുടർന്നതോടെ സ്ഥലത്ത് പൊലീസെത്തി.
തുടർന്ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൊലീസ് കാവലിലാണ് മൃതദേഹം ദഹിപ്പിച്ചത്.