കേരളം

kerala

സ്ഥലം കയ്യേറി ഫെൻസിങ് സ്ഥാപിച്ചു; ഐസിആർഐയുടെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് നാട്ടുകാർ

By

Published : Jun 25, 2023, 10:25 PM IST

Updated : Jun 25, 2023, 11:03 PM IST

ഐസിആർഐയുടെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു

ഇടുക്കി:മൈലാടുംപാറയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിആർഐയുടെ (Indian Cardamom Research Institute) നിർമാണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്തിന്‍റേയും നാട്ടുകാരുടേയും നേതൃത്വത്തിൽ തടഞ്ഞു. പഞ്ചായത്ത് റോഡും, സംസ്ഥാന പാതയും കയ്യേറി അനധികൃതമായി നിർമാണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. 

തുടർന്ന് പഞ്ചായത്ത് അധികൃതരും, നാട്ടുകാരും, ഐസിആർഐ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നിർമാണ പ്രവർത്തനങ്ങള്‍ താത്‌കാലികമായി നിർത്തിവച്ചു. നെടുങ്കണ്ടം മൈലാടുംപാറയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിആർഐ വക സ്ഥലത്തിന് സമീപം ഫെൻസിങ് സ്ഥാപിക്കുന്നതിനായി നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയിൽ നിന്നും ജോലിക്കാർ ഇന്ന് രാവിലെ എത്തിയിരുന്നു.

തുടർന്ന് ഇവർ പഞ്ചായത്ത് റോഡ് കടന്നുപോകുന്ന മേഖലയിൽ ഫെൻസിങ് സ്ഥാപിച്ചു തുടങ്ങി. ഇതോടെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള റോഡിലേക്ക് കയറിയാണ് ഫെൻസിങ് സ്ഥാപിച്ചതെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. 

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ സ്ഥലത്തെത്തി സമീപത്തുള്ള സംസ്ഥാന പാതയുടെ ഭാഗങ്ങളിൽ താത്‌കാലികമായി നിർമാണ പ്രവർത്തികൾ നിർത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ, പഞ്ചായത്ത് റോഡിലെ നിർമാണം തുടരുന്നതായി ആരോപിച്ച് പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തുവന്നു. 

തുടർന്ന്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ജോലികൾ താത്‌കാലികമായി നിർത്തിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്‌ചയോട് കൂടി ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥലം അളന്നുതിരിച്ച ശേഷം മാത്രമേ നിർമാണം നടത്തുകയുള്ളൂവെന്ന് ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു.

Last Updated : Jun 25, 2023, 11:03 PM IST

ABOUT THE AUTHOR

...view details