'വലിച്ചിഴച്ചുകൊണ്ട് പോയി, അസഭ്യവാക്കുകള്‍ പറഞ്ഞു..': വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ഗൃഹനാഥന്‍ - idukki news
ഇടുക്കി:ചിന്നക്കനാലില്‍ മലയരയ വിഭാഗത്തില്‍പ്പെട്ട ഗൃഹനാഥനെ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. കുത്തുകൽതേരി സ്വദേശി എ ഡി ജോൺസൺ (74) ആണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുമായുണ്ടായ പിടിവലിക്കിടെ ഇയാളുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോപണമുണ്ട്. 301 കോളനിക്ക് സമീപം രണ്ട് ഹെക്‌ടർ കൈവശ ഭൂമിയിൽ കൃഷി ചെയ്‌ത് ജീവിക്കുന്നവരാണ് ജോൺസണും കുടുംബവും. കഴിഞ്ഞ ദിവസം മകന്‍റെ കൃഷിയിടത്തിൽ പടർന്നു പിടിച്ച കാട്ടു തീ അണച്ചു കൊണ്ടിരുന്ന ജോൺസണെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോസ്ഥന്‍റെ അടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അസഭ്യവാക്കുകൾ പറയുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിക്കിടെ കൈയ്‌ക്ക് പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, എട്ട് മാസത്തിനുള്ളിൽ തങ്ങൾക്ക് സ്ഥലം അളന്ന് തിരിച്ച് നൽകണമെന്നും അതുവരെ കൈവശ ഭൂമിയിൽ നിന്ന് ഇറക്കി വിടരുതെന്നും ഹൈക്കോടതി ഉത്തരവുണ്ടെന്ന് ജോൺസൺ പറയുന്നു. ഇത് ലംഘിച്ചാണ് വനംവകുപ്പ് ഉദ്യേഗസ്ഥർ തന്നെ കയ്യേറ്റം ചെയ്‌തതെന്നാണ് ജോൺസന്‍റെ ആരോപണം. എന്നാൽ, പരാതി വ്യാജമാണെന്നും കൈവശ ഭൂമി കൂടാതെ കൂടുതൽ സർക്കാർ ഭൂമി കൈയ്യേറാനുള്ള ശ്രമം തടയുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്‌തതെന്നും ദേവികുളം റേഞ്ച് ഓഫിസർ പി വി വെജി പറഞ്ഞു.