കാസർകോട് കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്‌ടം
കാസർകോട്: നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ തീ ആളിപ്പടരുന്ന കണ്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷ സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. സംഭവസ്ഥലത്തേക്ക് പൊലീസും എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോവിക്കാനത്ത് സ്‌കൂൾ സയൻസ് ലാബ് കെട്ടിടത്തിൽ തീപടർന്നിരുന്നു. ജനലും അലമാരയും ലാബിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. മുളിയാർ ഗവ. മാപ്പിള യു.പി സ്‌കൂളിലെ ഓടുമേഞ്ഞ ലാബ് കെട്ടിടത്തിനാണ് തീപിടിച്ചത്. സ്‌കൂൾ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടത്.
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. സ്‌കൂളിലുണ്ടായിരുന്ന അധ്യാപികമാരുടെ ശ്രദ്ധയിൽപ്പെടുത്തി. നാട്ടുകാരും സ്‌കൂൾ ജീവനക്കാരും അധ്യാപകരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഓടുമേഞ്ഞ കെട്ടിടമായതിനാൽ മേൽക്കൂരയിലേക്കും തീ പടരുകയായിരുന്നു. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേന അസിസ്റ്റ് സ്റ്റേഷൻ ഓഫിസർ സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ജീവനക്കാരെത്തിയാണ് തീ പൂർണമായും അണച്ചത്.