'മട്ടന്നൂരില്‍ ശൈലജ കത്തിക്കയറി'; 'അതൃപ്‌തി തുറന്നടിച്ച്' പിണറായിയുടെ മറുപടി - പിണറായി വിജയന്‍ കെകെ ശൈലജ
Published : Nov 22, 2023, 8:33 PM IST
കണ്ണൂര്‍ : മട്ടന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ കെകെ ശൈലജയുടെ അധ്യക്ഷ പ്രസംഗം നീണ്ടുപോയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതൽ സമയം സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഭവം. "21 പേരാണ് നവകേരള സദസില്‍ ഉള്ളതെങ്കിലും ആദ്യം തന്നെ മൂന്ന് പേര് സംസാരിക്കുകയെന്ന ക്രമമാണുളളതെന്ന് മുഖ്യമന്ത്രി പറയുന്നു. ആ ക്രമത്തിന് കുറച്ചൊരു കുറവ് ഇവിടെ വന്നു. നിങ്ങളുമായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷയ്‌ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കുറച്ചു കുടൂതലായി പോയെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇനിയുളള സംസാരം ചുരുക്കുകയാണ്. കാരണം എല്ലായിടത്തും എത്തിപ്പെടണമല്ലോ. രണ്ട് മണിക്കൂറാണ് സംസാരം എന്ന നിലയ്‌ക്ക് ഞങ്ങള്‍ കണ്ടിട്ടുളളത്", മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് നടക്കുക. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് പരിപാടിക്ക് തുടക്കമായത്. ഡിസംബറില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍കാവിലാണ് സമാപനം. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ആഢംബര ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുന്നത്