Changanassery municipality| കൂറുമാറിയ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയിൽ ചങ്ങനാശേരി നഗരസഭ ഭരണം എൽഡിഎഫിന് - കോട്ടയം
കോട്ടയം:കൂറുമാറിയ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയിൽ ചങ്ങനാശേരി നഗരസഭ ഭരണം എൽഡിഎഫിന്. സ്വതന്ത്ര അംഗം ബീന ജോബി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 30-ാം വാർഡിൽ നിന്നുള്ള അംഗമാണ് ബീന ജോബി. ബീന ജോബിയുടെയും 16 എൽഡിഎഫ് അംഗങ്ങളുടെയും കോണ്‍ഗ്രസ് അംഗങ്ങളായ രാജു ചാക്കോ, ബാബു തോമസ് എന്നിവരുൾപ്പെടെ 19 പേരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഷൈനി ഷാജിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. മൂന്ന് ബിജെപി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. അതേസമയം, കിടങ്ങൂരിൽ ബിജെപി പിന്തുണയിൽ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതില്‍ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ നടപടി. പഞ്ചായത്ത് പ്രസിഡന്‍റായ പ്രവര്‍ത്തകനെ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് സസ്‌പെന്‍ഡ് ചെയ്‌തു. എല്‍ഡിഎഫ് ഭരിക്കുന്ന കിടങ്ങൂർ പഞ്ചായത്തില്‍, അഞ്ച് അംഗ ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. പാര്‍ട്ടി തീരുമാന പ്രകാരമല്ല തോമസ് മാളിയേക്കല്‍ പ്രസിഡന്‍റായതെന്നും രാജിവയ്‌ക്കാനുള്ള നിര്‍ദേശം തള്ളിയതാണ് നടപടി സ്വീകരിക്കാന്‍ കാരണമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പഞ്ഞു.