പുതുപ്പള്ളിയും പുതുപ്പള്ളിക്കാരും എന്നും ചാണ്ടി ഉമ്മനോടൊപ്പം ഉണ്ടാകുമെന്ന് എകെ ആന്‍റണി - puthuppaly by election
തിരുവനന്തപുരം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയം ഉണ്ടാകുമെന്നും എപ്പോഴും താൻ കൂടെയുണ്ടാകുമെന്നും പറഞ്ഞ എകെ ആന്‍റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് പോകുമെന്നും വ്യക്‌തമാക്കി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എകെ ആന്‍റണിയുടെ അനുഗ്രഹം വാങ്ങാൻ ചാണ്ടി ഉമ്മൻ വഴുതക്കാടെ വസതിയിൽ എത്തിയിരുന്നു. കൂടിക്കാഴ്‌ചക്ക് ശേഷമാണ് പ്രതികരണം. ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിനോട് പൊരുത്തപെടാനായിട്ടില്ല. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമാണത്. ഊണിലും ഉറക്കത്തിലും ഉമ്മൻചാണ്ടിയുടെ മനസിൽ ആദ്യം പുതുപ്പള്ളിയാണ്. പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടി. ഇത് പുതുപള്ളിക്കാർ ഓർത്തിരിക്കും. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ വ്യക്തിപരായി തേജോവധം ചെയ്യാനുള്ള ശ്രമവും ചർച്ചയാകും. പുതുപ്പള്ളിയുടെ വികസനത്തിന് വേണ്ടി കിട്ടുന്നതൊക്കെ ചെയ്‌തു. അതെല്ലാം ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഓർക്കണമെന്നും എകെ ആന്‍റണി പറഞ്ഞു. അതേസമയം മാതാപിതാക്കളെ പോലെയാണ് എകെ ആന്‍റണിയും ഭാര്യയുമെന്നും അനുഗ്രഹം വാങ്ങാനാണ് ഇവിടെ വന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിവാദങ്ങളിലൊന്നും അഭിപ്രായം പറയുന്നില്ലെന്നും ഒന്നും വിവാദമാക്കരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 8നാണ് വോട്ടെണ്ണൽ. ഓഗസ്റ്റ് 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. അതേസമയം കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും എൽഡിഎഫും ബിജെപിയും ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല.