Chandrayaan 3 mission സോഫ്റ്റ് ലാന്‍ഡിങ് കാണാന്‍ പ്ലാനറ്റോറിയത്തില്‍ ആയിരക്കണക്കിനാളുകള്‍, അഭിമാന നിമിഷമെന്ന് വിദ്യാര്‍ഥികള്‍
Published : Aug 23, 2023, 10:51 PM IST
തിരുവനന്തപുരം:രാജ്യം കാത്തിരുന്ന ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ വിജയ നിമിഷം നേരില്‍ കാണാൻ തിരുവനന്തപുരം പ്ലാനറ്റോറിയത്തിൽ തടിച്ച് കൂടിയത് ആയിര കണക്കിനാളുകള്‍. ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ കരഘോഷവും ആർപ്പുവിളിയും ഉയർന്നു. വൈകിട്ട് 5 മണി മുതൽ തന്നെ പ്ലാനറ്റോറിയത്തിൽ വലിയ എൽഇഡി സ്ക്രീനിൽ സോഫ്റ്റ് ലാൻഡിങ് തത്സമയ സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് തുറക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഇതുവരെ കാല്‌പനിക ബിംബമായി കണ്ടിരുന്ന ചന്ദ്രന്‍റെ വസ്‌തുനിഷ്‌ഠമായ യാഥാർഥ്യങ്ങൾ ഇന്ത്യയുടെ ശാസ്ത്രലോകം സാധാരണ ജനങ്ങളിലേക്ക് കൈമാറുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആർ.ബിന്ദു, വിഎസ്എസ്‌സി മുൻ ഡയറക്‌ടർ എംസി ദത്തൻ, പൊതുജനങ്ങൾ, വിദ്യാർഥികൾ അടക്കമുള്ളവർ പ്ലാനറ്റോറിയത്തിൽ സോഫ്‌റ്റ് ലാന്‍ഡിങ് കാണാന്‍ എത്തിയിരുന്നു. തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ചന്ദ്രയാൻ 3 ദൗത്യ വിജയത്തിന്‍റെ സന്തോഷം ഇടിവി ഭാരതുമായി പങ്കുവച്ചു. ഇന്ന് വൈകിട്ട് 6.04നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ സോഫ്‌റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ ഒന്നാമതെത്തി. ആദ്യമായാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഒരു പര്യവേക്ഷണ വാഹനം ലാന്‍ഡ് ചെയ്യുന്നത്.