വനിത ദിന പരിപാടിയില്‍ അതിഥിയായി സംഘപരിവാര്‍ നേതാവ്, പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ പ്രതിഷേധം - ഗുന്ത ലക്ഷ്‌മണ
കാസര്‍കോട്:പെരിയ കേന്ദ്ര സർവകലാശാലയിൽ വനിത ദിന പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ ആർഎസ്എസ് അനുകൂല അധ്യാപക സംഘടന നേതാവ് ഗുന്ത ലക്ഷ്‌മണിന് നേരെ എസ്എഫ്ഐ പ്രതിഷേധം. ചടങ്ങിനെത്തിയ ഗുന്ത ലക്ഷ്‌മണയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പരിപാടി നടന്നുകൊണ്ടിരിക്കെ സുരക്ഷ ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വേദിയിലേക്ക് ഇരച്ചു കയറി.
പൊലീസും പ്രവർത്തകരുമായി കാമ്പസില്‍ ഏറെ നേരം സംഘർഷമുണ്ടായി. പരിപാടിയുടെ മുഖ്യാതിഥിയായ ഗുന്ത ലക്ഷ്‌മണയെ പുറത്താക്കണം എന്ന് ആവശ്യം ഉന്നയിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രതിഷേധം. സര്‍വകലാശാലയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എസ്എഫ്ഐ ജില്ല സെക്രട്ടറി ബിവിൻ രാജ് പായം, പ്രസിഡൻ്റ് കെ സിദ്ധാർഥ് എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
ഗുന്ത ലക്ഷ്‌മണ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ഗുന്ത ലക്ഷ്‌മണനെ കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംഘപരിവാർ പോഷക സംഘടനയായ അഖിൽ ഭാരതീയ രാഷ്ട്രീയ ശിക്ഷൺ മണ്ഡലിന്‍റെ പ്രതിനിധിയായാണ് ഗുന്ത ലക്ഷ്‌മൺ എത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍വകലാശാലയില്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ സംഘപപരിവാര്‍ നേതാക്കളെ കാമ്പസിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വനിത ദിന പരിപാടിയില്‍ സംസാരിച്ചു. വലിയ പൊലീസ് സന്നാഹം കാമ്പസിൽ ഒരുക്കിയിരുന്നു.