കല്യാണാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തു; എംഎൽഎയുടെ മകനും സംഘത്തിനും എതിരെ കേസെടുത്ത് പൊലീസ്
ദുംഗർപൂർ (രാജസ്ഥാൻ): കല്യാണാഘോഷത്തിനിടെ എംഎൽഎയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. കുശാൽഗഡ് നിയമസഭയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ രമീല ഖാദിയയുടെ മകൻ രോഹിത് ഖാദിയയും രണ്ട് സുഹൃത്തുക്കളും ചേർന്ന് വിവാഹ ചടങ്ങിനിടെ ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർക്കുന്നതാണ് വീഡിയോ.
വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ എംഎൽഎയുടെ മകൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, രോഹിത്തിനൊപ്പം മറ്റ് രണ്ട് യുവാക്കളും തോക്ക് കൈവശം വച്ചിരിക്കുന്നത് കാണാം. സംഭവം വിവാദമായതോടെ രോഹിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ ഇത് വൈറലായി മാറിയിരുന്നു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഉചിതമായി നടപടി സ്വീകരിക്കുമെന്നും എസ്പി അഭിജിത്ത് പറഞ്ഞു. നിലവിൽ കുശാൽഗഡ് പോലീസ് സ്റ്റേഷനാണ് വിഷയം അന്വേഷിക്കുന്നത്. അതേസമയം, എംഎൽഎയുടെ മകൻ രോഹിത് ഖാദിയ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു. കൂടാതെ, തോക്ക് കൈവശമില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.
Also read :വെടിയുതിര്‍ക്കുന്ന വീഡിയോ വൈറല്‍; യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു