'പ്രധാനമന്ത്രി വിളിച്ചു, പുഷ്‌പാംഗതനും കുടുംബവും ഡല്‍ഹിക്ക് പോകുന്നു': സ്വാതന്ത്ര്യദിന പരിപാടികൾ നേരിട്ട് കാണും - ഡൽഹി
ഇടുക്കി:77-ാം സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇടുക്കിയിൽ നിന്ന് ഒരു മരപ്പണിക്കാരനും കുടുംബവും. ഇടുക്കി ബൈസൻവാലി സ്വദേശിയായ പുഷ്‌പാംഗതനും ഭാര്യ അംബികയുമാണ് സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാനായി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ദമ്പതികൾ ഡൽഹിയിലേക്ക് പുറപ്പെടുന്നത്. ചെറുകിട സൂക്ഷ്‌മ സംരംഭത്തിൽ ഏർപ്പെടുന്നയാൾ എന്ന നിലയലും, പിഎം വിശ്വകർമ പദ്ധതിയുടെ ഗുണഭോക്താവ് എന്ന നിലയിലും വ്യവസായ മന്ത്രാലയത്തിന്‍റെ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്. 35 വർഷമായി പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്‌ധ്യം തെളിയിച്ച പുഷ്‌പാംഗതൻ ഇതിനോടകം കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളും വീടുകളും നിർമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ച ക്ഷണം പുണ്യമായി കാണുന്നുവെന്നാണ് പുഷ്‌പാംഗതൻ പറയുന്നത്. ഫർണിച്ചർ നിർമാണത്തിലും കഴിവ് തെളിയിച്ച ആളാണ് പുഷ്‌പാംഗതൻ. തനിക്ക് ലഭിച്ച ക്ഷണം മരപ്പണിക്കാരായ എല്ലാവർക്കും ലഭിച്ച ഒരു അംഗീകാരമായി കാണുന്നുവെന്നും പുഷ്‌പാംഗതൻ കൂട്ടിച്ചേർത്തു.