കോടതി വിധി പ്രകാരം ബസ് ഓടിക്കാനെത്തി ; പൊലീസ് നോക്കിനിൽക്കെ ഉടമയെ മർദിച്ച് സിഐടിയു പ്രവർത്തകൻ - ബസുടമയ്ക്ക് മർദനം
കോട്ടയം :തിരുവാർപ്പിൽ സിഐടിയു കൊടികുത്തിയ ബസിന്‍റെ ഉടമയെ മർദിച്ചുവെന്ന് പരാതി. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. പൊലീസിന്‍റെ സാന്നിധ്യത്തിൽ ബസ് എടുക്കാനെത്തിയ ഉടമ രാജ്മോഹനെ സിഐടിയു പ്രവർത്തകൻ ആക്രമിക്കുകയായിരുന്നു.
ബസ് എടുക്കാൻ എത്തിയ രാജ്മോഹൻ തോരണങ്ങളും കൊടിയും ബസിൽ നിന്ന് മാറ്റുന്നതിനിടയിലാണ് സിഐടിയു പ്രവർത്തകന്‍റെ മർദനം. പൊലീസുകാർ നോക്കി നിൽക്കെ സിഐടിയു പ്രവർത്തകന്‍ രാജ്മോഹനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിന്‍റെയും പരസ്യമായി ഭീഷണി മുഴക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
കൂലി തർക്കത്തെ തുടർന്ന് ദിവസങ്ങളായി ബസ് സിഐടിയു പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ്. ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു. എന്നാൽ, ബസ് എടുക്കാൻ സിഐടിയു പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് ഉടമ രാജ്മോഹൻ പരാതിപ്പെട്ടിരുന്നു.
Also read :'കുത്തിയ കൊടി അഴിച്ചു മാറ്റില്ലെന്ന് സിഐടിയു'; കോടതി വിധി അനുകൂലമായിട്ടും ബസ് ഓടിക്കാനാവാതെ ഉടമ
സിഐടിയു പ്രവർത്തകന്‍റെ ആക്രമണത്തിൽ പരിക്കേറ്റ രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ബസ് സർവീസ് നടത്തുന്നതിന് തടസമില്ല എന്നും കൊടി തോരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് മാത്രമാണ് ചോദ്യം ചെയ്‌തതെന്നുമാണ് സിഐടിയു പ്രവർത്തകരുടെ വാദം.