വൈക്കത്ത് ചെറുവള്ളം മറിഞ്ഞ് നാല് വയസുകാരനുൾപ്പടെ 2 മരണം, 4 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത് ഒരേ കുടുംബത്തിലുള്ളവർ - boat overturned
കോട്ടയം :വൈക്കത്ത് കൊടുതുരുത്ത് കരിയാറിൽ ചെറുവള്ളം മുങ്ങി രണ്ടുമരണം. ഒരു കുടുംബത്തിലെ ആറ് പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരീ പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.
ശരത്തിനെ വൈക്കം ഫയർഫോഴ്‌സെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവാൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. മറ്റ് നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുവള്ളത്തിൽ മരണവീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. ശരത്തിന്‍റെ അച്ഛൻ,അമ്മ, സഹോദരി, സഹോദരിയുടെ രണ്ട് കുട്ടികൾ എന്നിവരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. വള്ളത്തിനകത്ത് ദ്വാരമുണ്ടായിരുന്നതായും ഇതുവഴി വെള്ളം കയറിയതാണ് അപകടത്തിന് കാരണമായതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
താനൂർ ബോട്ടപകടം :കഴിഞ്ഞ മാസമാണ് താനൂർ തൂവൽത്തീരത്ത് ബോട്ട് അപകടത്തിൽ 22 പേർ മരിച്ചത്. നാടിനെ മുഴുവൻ കണ്ണീരിലാക്കിയ അപകടത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരണപ്പെട്ടിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സവാരി നടത്തിയതാണ് അപകടത്തിന് കാരണമായത്.
also read :കണ്ണീര്‍ കടലായി പൂരപ്പുഴ: താനൂരിൽ മരിച്ചവരില്‍ 15 കുട്ടികൾ, രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് നാട്ടുകാർ
15 പേരെ കൊള്ളുന്ന ബോട്ടിൽ 35 ലേറെ പേരാണ് സഞ്ചരിച്ചത്. ലൈഫ് ജാക്കറ്റില്ലാതെയും പരിധിയിൽ അധികം പേരെ കയറ്റിയുമായിരുന്നു ബോട്ട് സർവീസ് നടത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്.