Aakri app | 'ആക്രി' ആപ്പുമായി കോഴിക്കോട് കോർപ്പറേഷൻ, ബയോ മെഡിക്കല്‍ മാലിന്യം ശേഖരിക്കും - Corporation of Kozhikode
കോഴിക്കോട് : ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാഡുകൾ അടക്കമുള്ള ബയോമെഡിക്കൽ മാലിന്യം സംസ്‌ക്കരിക്കുന്ന പദ്ധതിക്ക് കോഴിക്കോട് കോർപ്പറേഷൻ തുടക്കം കുറിച്ചു. 'ആക്രി' എന്ന പേരിലുള്ള ആപ്പിൻ്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്‍റെ ഉദ്‌ഘാടനം കോർപ്പറേഷൻ ഓഫിസ് പരിസരത്ത് മേയർ ഡോ: ബീന ഫിലിപ്പ് നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ: എസ് ജയശ്രീ അധ്യക്ഷത വഹിച്ചു.
കുട്ടികളും മുതിര്‍ന്നവരും ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാഡുകള്‍, മെഡിസിൻ സ്‌ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, സൂചിയോടുകൂടിയ സിറിഞ്ചുകള്‍, സൂചി ടിപ്പ്, കട്ടറുകളിൽ നിന്നോ ബര്‍ണറുകളിൽ നിന്നോ ഉള്ള സൂചികൾ, കാലഹരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ മരുന്നുകള്‍, മനുഷ്യ ശരീരഘടന മാലിന്യങ്ങൾ, മൃഗങ്ങളുടെ ശരീരഘടന മാലിന്യങ്ങള്‍, ഉപയോഗിച്ചതും ഉപേക്ഷിച്ചതും മലിനമായതുമായ മൂര്‍ച്ചയുള്ള ലോഹങ്ങൾ, ഉപയോഗശൂന്യമായ ഗ്ലാസ്, മരുന്നുകുപ്പികൾ, പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍, ആംപ്യൂളുകൾ, സൈറ്റോടോക്‌സിക് മാലിന്യങ്ങൾ, ട്യൂബുകള്‍, ഗ്ലൗസ്, ഇന്‍ട്രാവെനസ് ട്യൂബുകള്‍/സെറ്റുകള്‍, കത്തീറ്ററുകൾ, യൂറിന്‍ ബാഗുകൾ, സൂചികൾ ഇല്ലാത്തതും മുറിച്ചുമാറ്റിയതുമായ സിറിഞ്ചുകള്‍, രാസമാലിന്യം, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങൾ എന്നിവയുടെ ശാസ്‌ത്രീയ നിര്‍മാര്‍ജനമാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വയ്‌ക്കുന്നത്.
'ആക്രി' എന്ന പേരിലുള്ള ആപ്പിൽ 'ബയോമെഡിക്കൽ വേസ്റ്റ്' എന്ന കാറ്റഗറിയില്‍ ബുക്ക് ചെയ്യുന്ന തിയതിയിൽ കരാർ എടുത്ത കമ്പനിയുടെ പ്രതിനിധികൾ ഉപഭോക്താക്കളുടെ അടുത്ത് മാലിന്യം എടുക്കാന്‍ തയ്യാറായി വരും. ഓരോ തരം മാലിന്യത്തിനും നീല, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെ നാല് നിറങ്ങളിലുള്ള കവറുകള്‍ നല്‍കും. ഓരോ തരം മാലിന്യത്തിനും നിർണയിക്കപ്പെട്ട കവറുകളിൽ തന്നെ നിര്‍ബന്ധമായും അതാത് മാലിന്യം നിക്ഷേപിക്കണം. സേവനത്തിന് നിശ്ചിത തുക യൂസർ ഫീസായി നൽകണം.
ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്‍റെ ബ്രഹ്മപുരത്തെ പ്ലാന്‍റിൽ എത്തിച്ച് ശാസ്‌ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുക. സേവനം ആവശ്യമുള്ളവർക്ക് ആക്രി ആപ്പ് വഴിയോ 1800 890 5089 എന്ന ടോള്‍ഫ്രീ കസ്റ്റമർ കെയർ നമ്പറിലോ +919778418244 എന്ന വാട്‌സ്‌ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.