അയോധ്യ വിഷയം;'കോണ്‍ഗ്രസിന്‍റേത് വൈകിയുണ്ടായ വിവേകം': ബിനോയ് വിശ്വം - അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്
Published : Jan 11, 2024, 7:48 PM IST
മലപ്പുറം: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് വൈകി വന്ന വിവേകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിന് ഇത്തമൊരു വിഷയത്തില്‍ തീരുമാനം എടുക്കാന്‍ എന്തുകൊണ്ട് ഇത്രയും കാലതാമസം ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. മഹാത്മ ഗാന്ധിയൊക്കെ നേതൃത്വം കൊടുത്ത പാര്‍ട്ടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ സമയം എടുക്കാന്‍ പാടില്ലാത്തതായിരുന്നു (Binoy Viswam About Congress Decision In Ayodhya). എന്നാല്‍ അങ്ങനെയുണ്ടായി. അവരത് തിരുത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ബാബരി മസ്‌ജിദ് നിന്ന അതേ സ്ഥലത്താണ് ക്ഷേത്രം പണിയുന്നതെന്ന് ഈ രാജ്യം മറക്കാന്‍ പാടില്ല (Ayodhya Pran Pratistha). ബിജെപി പറയുന്ന ഈ ശ്രീരാമന്‍ എന്തായാലും വാല്‍മീകിയുടെ രാമനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ രാമന്‍ അധികാര കൊതിമൂത്ത ആര്‍എസ്‌എസിന്‍റെ ഒരു രാഷ്‌ട്രീയ അജണ്ടയിലൂടെയുണ്ടായ ഒരു സ്‌പെഷല്‍ ശ്രീരാമനാണ്. ഈ രാമനെ ഇന്ത്യക്ക് അറിയില്ല (Binoy Viswam About Congress). ഇന്ത്യക്ക് അറിയുന്ന രാമന്‍ അധികാരം ഉപേക്ഷിച്ച രാമനാണ്. യഥാര്‍ഥ ഹിന്ദുക്കള്‍ ഈ ചതിയില്‍ വീഴില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.