കേരളം

kerala

മാധ്യമങ്ങളോട് പ്രതികരിച്ച് ബാര്‍ ഉടമ ബിജു രമേശ്

ETV Bharat / videos

ബാര്‍ കോഴക്കേസ്: 'യാഥാര്‍ഥ്യം ജനം തിരിച്ചറിയണം, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, സിബിഐ അന്വേഷിക്കട്ടെ': ബിജു രമേശ്‌ - kerala news updates

By

Published : May 1, 2023, 8:09 PM IST

തിരുവനന്തപുരം:ബാര്‍ കോഴക്കേസ് അന്വേഷിക്കുമെന്ന സിബിഐ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ്. സിബിഐയുടെ നിലപാട് നല്ല കാര്യമാണ്. ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ സിബിഐ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.  

ബാര്‍ കോഴ കേസിൽ എന്താണ് യാഥാർഥ്യമെന്നത് ജനം തിരിച്ചറിയട്ടെയെന്നും താൻ പറഞ്ഞ കാര്യത്തിൽ മരണം വരെയും ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വെറും പ്രഹസനമായിരുന്നു. 

വിജിലൻസാണ് ഇപ്പോൾ കൂട്ടിലടച്ച തത്ത. ഏത് അന്വേഷണം വന്നാലും അവരോടൊപ്പം സഹകരിക്കും. സത്യം പുറത്ത് വരണം എന്ന് മാത്രമേ തനിക്കുള്ളുവെന്നും ബിജു രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ബാർകോഴ കേസ് സെറ്റിലായത് കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ മാറ്റത്തിന്‍റെ ഭാഗമായെന്നും ഇടത് മുന്നണിയിൽ പോകും എന്നത് കേസ് നടക്കുമ്പോൾ തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. തനിക്ക് ആരെയും ബലിയാടാക്കാൻ താത്പര്യമില്ല. ബാർ കോഴ കേസ് വലിയ മാറ്റമുണ്ടാക്കി. 

വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോയെന്നും ബിജു രമേശ് ചോദിച്ചു. 2014 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ഉൾപ്പെടെയുള്ള നേതാക്കൾക്ക് കോഴ നൽകിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. 2021 ലാണ് ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പിഎല്‍ ജേക്കബ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലാണ് സിബിഐ മറുപടി നൽകിയത്. 

ബാർ ലൈസൻസ് പുതുക്കാൻ കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും അന്നത്തെ എക്സൈസ് മന്ത്രി കെ ബാബുവിന് ഒരു കോടി രൂപയും രമേശ് ചെന്നിത്തലക്ക് ഒരു കോടിയും വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നൽകിയെന്നും ബിജു രമേശ് ആരോപിച്ചതായാണ് സത്യവാങ്‌മൂലത്തില്‍ പറയുന്നത്. സിബിഐ കൊച്ചി യൂണിറ്റിലെ എസ്‌പിയായ എ.ഷിയാസാണ് സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്.

രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ബാര്‍ കോഴക്കേസും വിവാദങ്ങളും:2014ല്‍ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു രമേശ് നടത്തിയ പ്രസ്‌താവനയാണ് ബാര്‍ കോഴക്കേസിന് ആധാരമായ സംഭവം. കെഎം മാണി ധനമന്ത്രിയായിരിക്കെ സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. മാത്രമല്ല 2014ലെ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാര്‍ അസോസിയേഷന്‍ പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്‌ക്കുന്നതിനും ഒരു കോടി രൂപ കൈപ്പറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. 

ബിജു രമേശിന്‍റെ ആരോപണങ്ങള്‍ വിവാദങ്ങളായി തലപൊക്കുകയും നേതാക്കള്‍ക്ക് എതിരെ വിമര്‍ശനങ്ങളുണ്ടാകാന്‍ ഇടയാവുകയും ചെയ്‌തു. 2014ല്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒരു സംഭവവും ഇതായിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയില്‍ പിഎല്‍ ജേക്കബ് എന്നയാള്‍ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.  

also read:'സൽമാൻ ഭയപ്പെടേണ്ട, രാജ്യം സുരക്ഷിതമായ കൈകളിലാണ്' : സൂപ്പര്‍ താരത്തിന് നേരെയുള്ള വധഭീഷണിയില്‍ പ്രതികരിച്ച് കങ്കണ

ABOUT THE AUTHOR

...view details