Bakrid | ത്യാഗസ്‌മരണയിൽ ബലിപെരുന്നാള്‍ ആഘോഷമാക്കി വിശ്വാസികള്‍ - കൊല്ലം
കൊല്ലം : ത്യാഗസ്‌മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും മകൻ ഇസ്‌മയിൽ നബിയുടെയും ജീവിതത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് വിശ്വാസികൾ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രഭാതം മുതൽ പള്ളികൾ, ഈദ്ഗാഹുകൾ എന്നിവിടങ്ങളിൽ നിന്ന് തക്ബീർ ധ്വനികൾ ഉയർന്നു. വിശ്വാസികൾ രാവിലെ കുളിച്ച് പുതുവസ്ത്രം അണിഞ്ഞ്, സുഗന്ധ ദ്രവങ്ങൾ പൂശി പെരുന്നാൾ നമസ്‌കാരത്തിനായി പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും എത്തി.
നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ പരസ്‌പരം ഹസ്‌തദാനം നടത്തിയും ആലിംഗനം ചെയ്‌തും സൗഹാർദം പുതുക്കി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഉത്കൃഷ്‌ട കർമ്മമായ ബലി നല്‍കലും നടന്നു. വിശ്വാസികളുടെ വീടുകളിലും മസ്‌ജിദുകളിലും മൃഗങ്ങളെ ബലി അർപ്പിച്ചശേഷം ദാനം ചെയ്‌തു.
കൊല്ലം ജോനകപ്പുറം വലിയ പള്ളി, ചിന്നക്കട ജുമാമസ്‌ജിദ്, കൊല്ലൂർ വിള ജുമാമസ്‌ജിദ് പോളയത്തോട് പരിദിയ മസ്‌ജിദ്, കടപ്പാക്കട ജുമാ മസ്‌ജിദ് തുടങ്ങിയിടങ്ങളിൽ നമസ്കാരത്തിനായി ആയിരങ്ങൾ സംഗമിച്ചു. വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിലും, ലാൽബഹാദൂർ സ്‌റ്റേഡിയത്തിലും ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. സലഫി ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ സംഘടിപ്പിച്ച ബലിപെരുന്നാൾ നമസ്കാരത്തിന് മുഷ്‌താഖ് അഹമ്മദ് സ്വലാഹി നേതൃത്വം നൽകി.