കാടിറങ്ങി അവരെത്തി; അയ്യന് വനവിഭവങ്ങൾ കാണിക്ക നേദിച്ചു ദർശനം നടത്തി
Published : Dec 8, 2023, 4:27 PM IST
പത്തനംതിട്ട: അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും 107 പേരടങ്ങുന്ന സംഘമെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്‍റുകളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് കാഴ്ച്ചയുമായി എത്തിയത്. കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് അയ്യപ്പന്‍റെ പൂങ്കാവനത്തിലെത്തിച്ചത്. എല്ലാ വര്‍ഷവും വരാറുണ്ടെന്നും വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി കൂടിയായ ഊരുമൂപ്പന്‍ ഭഗവാന്‍ കാണി പറഞ്ഞു. കാനനവാസനായ അയ്യപ്പന്‍ തങ്ങളുടെ കാടിന്‍റെ ദൈവമാണെന്നും അയ്യപ്പ ദര്‍ശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയോടെ സന്നിധാനത്തേക്ക് പ്രവേശിച്ച സംഘം വെളളിയാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്യം തൊഴുതാണ് മലയിറങ്ങുക. അതേസമയം, ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്‌തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ ഇരിപ്പിടങ്ങള്‍ ഒരുക്കി പമ്പ മുതല്‍ സന്നിധാനം വരെ വിശ്രമസൗകര്യം മെച്ചപ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു.