അരിക്കൊമ്പൻ കാട് കയറുന്നു, കമ്പത്ത് ആശ്വാസം - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി:തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്‌ടിച്ച ഒറ്റയാൻ അരിക്കൊമ്പൻ ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന. അരിക്കൊമ്പൻ ഷണ്‍മുഖനാഥ ക്ഷേത്ര പരിസരം വിട്ടതായാണ് റേഡിയോ കോളറില്‍ നിന്നുള്ള ഒടുവിലെ സിഗ്നലുകള്‍ വിശകലനം ചെയ്‌തതില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേസമയം അരിക്കൊമ്പന് കാട്ടിനുള്ളിൽ അധികൃതർ അരിയെത്തിച്ചു നൽകിയെന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് അധികൃതർ നിഷേധിച്ചു.
ആനയെ കാടിനു പുറത്തേക്കെത്തിക്കാൻ തമിഴ്‌നാട് അരിയും സാധനങ്ങളും വച്ചുകൊടുത്തെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. ഇത് വ്യാജ പ്രചരണമാണെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ, അരിക്കൊമ്പനെ വരശനാട് വനമേഖലയിലേക്കു വനത്തിലൂടെ നയിക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്‍റെ ശ്രമം പാളുന്നതായി സൂചനയുണ്ട്.
എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപമെത്തി. ആന ജനവാസ മേഖലയിലേക്കു കടക്കാതെ വനപാലകർ കാവൽ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് സംഘങ്ങളായി 85 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
വനാതിര്‍ത്തിയിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കൊമ്പന്‍ സഞ്ചരിച്ചത്. ഇതോടെ കൊമ്പനെ മയക്കുവെടി വയ്ക്കാനായി ദിവസങ്ങളായി തുടരുന്ന ദൗത്യം ഇനിയും നീളുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍ നിരീക്ഷണത്തിലാണെന്നും കാട്ടില്‍ നിന്നിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്നും അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നു.
കൊമ്പനെ പിടികൂടാൻ ആദിവാസി സംഘവും രംഗത്തെത്തി. പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്‌നാട് വനംവകുപ്പാണ് എത്തിച്ചത്. വെറ്ററിനറി സര്‍ജനും സംഘത്തിലുണ്ട്.