കടുത്ത വേനലില്‍ പോലും ഇഷ്‌ടം പോലെ വെള്ളവും തീറ്റയും; അരിക്കൊമ്പന്‍ ഇനി പെരിയാറിന്‍റെ പുല്‍മേടുകളില്‍ വസിക്കും
ഇടുക്കി: പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേടാണ് ഇനി അരിക്കൊമ്പന്‍റെ ആവാസ കേന്ദ്രം. മേദകാനത്തിന് സമീപത്തെ സീനിയറോഡയിലാണ് കൊമ്പനെ പുലർച്ചെയോടെ എത്തിച്ചത്. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കുമെന്നതാണ് ഈ പ്രദേശം തെരഞ്ഞെടുക്കാൻ കാരണം.
മുളങ്കാട്, ഈറ്റ തുടങ്ങി ഇടതൂർന്ന് നിൽകുന്ന സസ്യങ്ങളാണ് മേദകാനം, മുല്ലക്കുടി തുടങ്ങിയ സ്ഥലങ്ങളുടെ പ്രത്യേകത. കടുത്ത വേനലിൽ പോലും വെള്ളവും തീറ്റയും ലഭിക്കുമെന്നതും പ്രദേശത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. വെള്ളവും തീറ്റയും ഒരു മുടക്കവുമില്ലാതെ പെരിയാർ ടൈഗർ റിസർവിൽ ലഭിക്കുമെന്ന കാരണത്താലാണ് ഈ പ്രദേശം അരിക്കൊമ്പനായി തെരഞ്ഞെടുത്തത്. ജനവാസ മേഖലയിൽ നിന്നും 21കി.മി. അകലെയാണ് മുല്ലക്കുടി.
ലോറിയിൽ ആനയെ ഇവിടെ വരെ എത്തിക്കാമെന്ന സൗകര്യവും കൂടി പരിഗണിച്ചാണ് അരിക്കൊമ്പനെ തേക്കടിയിലെത്തിച്ചത്. മിക്കപ്പോഴും ആനകൾ കൂട്ടമായി എത്തുന്ന സ്ഥലമായതിനാൽ ഇവിടെയുള്ള ആനകളുമായി ചങ്ങാത്തം കൂടിയാൽ ജനവാസ മേഖലയിലേക്ക് കൊമ്പൻ ഇറങ്ങില്ലെന്ന പ്രതീക്ഷയും ഉണ്ട്. മേദകാനത്തിന്‍റെ ഒരു ഭാഗം മുല്ലക്കുടിയും മറുഭാഗം തമിഴ്‌നാട് വനമേഖലയുമാണ്. അരിക്കൊമ്പന്‍റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ വഴി കൊമ്പൻ പൂർണമായും വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാകും.
അതേസമയം അരിക്കൊമ്പനെ സുരക്ഷിതമായി ചിന്നക്കനാലിൽ നിന്നും തേക്കടിയിലെത്തിക്കാൻ പൊലീസ് നടത്തിയ സേവനം ചെറുതല്ല. രാത്രി പത്ത് മണിയോടെ കുമളിയിലെത്തിയ അരിക്കൊമ്പനെ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമായിരുന്നു വരവേറ്റത്. പെരിയാർ ടൈഗർ റിസർവിന്‍റെ പ്രവേശന കവാടത്തിൽ വനം വകുപ്പിന്‍റെയും ആദിവാസികളുടെയും നേതൃത്വത്തിൽ പ്രത്യേകം പൂജകളും കർമ്മങ്ങളും നടന്നു.