ആശങ്ക അകലുന്നില്ല; ജനവാസമേഖലയില്‍ വീണ്ടുമെത്തി അരിക്കൊമ്പന്‍, കൃഷിയിടത്തിലെ ഷെഡ് തകര്‍ത്ത് അരി അകത്താക്കി - സിങ്കുകണ്ടം
ഇടുക്കി:കൃത്യമായ പരിഹാരം കണ്ടെത്താനാവാതെ അരിക്കൊമ്പന്‍ കേസ് നീളുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ചിന്നക്കനാല്‍ സിങ്കുകണ്ടം നിവാസികള്‍ക്കാണ്. ദൗത്യം ഉപേക്ഷിക്കുമോ എന്നുപോലും നാട്ടുകാര്‍ ആശങ്കപെടുന്നു. അതേസമയം ജനവാസ മേഖലയില്‍ ദിവസങ്ങളായി ചുറ്റിതിരിയുന്ന ഒറ്റയാന്‍, വീണ്ടും ആക്രമണം നടത്തിയിരുന്നു. സിങ്കുകണ്ടത്തെ കൃഷിയിടത്തിലെ താത്കാലിക ഷെഡാണ് ഒറ്റയാന്‍ തകര്‍ത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് അരിക്കൊമ്പന്‍ സിങ്കുകണ്ടത്തെ ജനവാസ മേഖലയിലെത്തിയത്. പ്രദേശവാസിയായ ഷെല്ലി, പാട്ടത്തിനെടുത്ത ഭൂമിയില്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിരുന്ന താത്കാലിക ഷെഡ് ആന തകര്‍ത്തു. തുടര്‍ന്ന് അരി അകത്താക്കി. എന്നാല്‍ മണിക്കൂറുകളോളം ആന മേഖലയില്‍ നിലയുറപ്പിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേക്കെത്തിയില്ല.
ഷെഡ് തകര്‍ത്ത അരിക്കൊമ്പന്‍ ഏലതോട്ടത്തിലും നാശം വിതച്ചു. തുടര്‍ന്ന് മേഖലയിലെ വീടുകളുടെ സമീപത്തേക്ക് ആന എത്താതിരിയ്ക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ തീ കത്തിയ്ക്കുകയായിരുന്നു. മാത്രമല്ല പടക്കം പൊട്ടിച്ചും ബഹളം വച്ചും മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് ആനയെ തുരത്താനായത്.
പ്രദേശവാസിയായായ മാരിയുടെ വീട് ആറ് മാസങ്ങള്‍ക്ക് മുന്‍പ് അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നിരുന്നു. ഏത് നിമിഷവും ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവരുടെ ജീവിതം. ആനയെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമാകാതെ ദൗത്യം ഉപേക്ഷിക്കുമോ എന്ന് പോലും സിങ്കുകണ്ടം നിവാസികള്‍ ആശങ്കപ്പെടുന്നു. ആനയെ പേടിക്കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയുമോ എന്നാണ് ഇവരുടെ ചോദ്യം.