Rain Palakkad| പാലക്കാട് കനത്ത മഴ; അങ്കണവാടിയുടെ മതിലുകള്‍ തകര്‍ന്നു, അട്ടപ്പാടി ചുരത്തില്‍ വൈദ്യുത ലൈനില്‍ മരം വീണു
പാലക്കാട്:കനത്ത മഴയില്‍ അട്ടപ്പാടിയിൽ അങ്കണവാടിയുടെ മതിൽ തകർന്നു. അട്ടപ്പാടി ചിറ്റൂർ കോട്ടമലയിൽ അങ്കണവാടിയുടെ മതിലാണ് തകർന്നത്. മതിലിന്‍റെ അടിവശമാണ് ഇടിഞ്ഞ് വീണത്.
ഇന്നലെ പെയ്‌ത ചെറിയ ചാറ്റൽ മഴയിലാണ് പുലർച്ചെ മതിൽ ഇടിഞ്ഞ് വീണത്. കനത്ത മഴ പെയ്‌താല്‍ ചുറ്റുമതിൽ മുഴുവനായും ഇടിഞ്ഞ് താഴുന്ന അവസ്ഥയിലാണ്. അതേസമയം, അട്ടപ്പാടി ചുരത്തിൽ 33 കെ.വി ലൈനിൽ മരം വീണ് അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായി നിലച്ചു.
ഇന്നലെ അട്ടപ്പാടിയിൽ വിവിധ സ്ഥലങ്ങളിൽ മരം വീണിരുന്നു. അട്ടപ്പാടി ചുരത്തിൽ മുക്കാലി പൊലീസ് ഔട്ട് പോസ്‌റ്റിന് സമീപവും, ഏഴാം വളവിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. പ്രദേശവാസികളും, പൊലീസും, ഫയർ ഫോഴ്‌സും സംയുക്തമായാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ വർഷം മഴക്കാലത്ത് 33 കെ.വി ലൈനിലെ ടവറിൽ മരം വീണ് മൂന്ന് ദിവസം അട്ടപ്പാടിയിൽ വൈദ്യുതി തടസപ്പെട്ടിരുന്നു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത മഴ പെയ്‌താൽ ചുരം ഇടിയാനുള്ള സാധ്യതയേറയാണ്. ഇതോടെ അട്ടപ്പാടി തീർത്തും ഒറ്റപ്പെടും. ചുരമിടിഞ്ഞാൽ പാലക്കാടുള്ള ആശുപത്രികളിലെ വിദഗ്ദ്ധ ചികിത്സക്കായി 110 കിലോമീറ്ററോളം രോഗികൾ ചുറ്റി സഞ്ചരിക്കണം.