'മലയാളം അപ്രത്യക്ഷമാകുന്നു'; സെക്രട്ടേറിയറ്റിന് മുമ്പില്‍ കവിത ചൊല്ലി പ്രതിഷേധം - മലയാളം പഠിപ്പിക്കണം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മലയാള ഭാഷയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി. മലയാളം അക്ഷരമാല പഠിപ്പിക്കുന്ന സമ്പ്രദായം സ്‌കൂളുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ അക്ഷര ബോധനം പുനരാരoഭിക്കുക എന്ന ആവശ്യവുമായാണ് സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും അവയെ അനുകൂലിക്കുന്നവരും ചേർന്ന് മാതൃഭാഷയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഭരണഭാഷയായി മലയാളത്തെ അംഗീകരിച്ചിട്ടും സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലെ ഉത്തരവ് വരെ ഇംഗ്ലീഷ് ഭാഷയിലാണ് വരുന്നതെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കവിയും സാമൂഹിക പ്രവകത്തകനുമായ കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
വിദ്യാർഥികൾക്ക് ആശയങ്ങൾ കൊടുത്ത് അതിൽ നിന്ന് വാക്കുകളും അക്ഷരങ്ങളും കണ്ടെത്തുക എന്ന പഠന രീതിയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ, ഇത് തെറ്റായ രീതിയാണെന്നും അക്ഷരം പഠിപ്പിക്കുന്നതിനായി ഉത്തരവിറക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രൈമറിതലത്തിൽ എഴുത്ത്, വായന, ഗണിതം എന്നിവയിൽ പ്രാവീണ്യം ഉറപ്പാക്കാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ സ്‌കൂളുകൾക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധത്തെ തുടർന്ന് ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിന്‍റെ രണ്ടാം ഭാഗത്ത് അക്ഷരമാലകൾ അച്ചടിച്ചു വന്നെങ്കിലും അവ പഠിപ്പിക്കുന്നില്ലെന്നും അതിന് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.