Ak Antony At Puthuppally 'ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കണ്ട് എല്‍ഡിഎഫ് ഞെട്ടി വിറച്ച് ബോധം കെടണം'; എകെ ആന്‍റണി - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്
Published : Sep 2, 2023, 3:58 PM IST
കോട്ടയം : ഉമ്മന്‍ ചാണ്ടിക്കെതിരെ (Oommen Chandy) അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി (A K Antony). ചാണ്ടി ഉമ്മന്‍റെ (Chandy Oommen) ഭൂരിപക്ഷം കണ്ട് ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് (UDF) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി. ഭൂരിപക്ഷം കണ്ട് ഞെട്ടി വിറച്ച് എല്‍ഡിഎഫ് (LDF) ബോധം കെടണം. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. അവരുടെ സ്ഥാനാര്‍ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാന്‍. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വീണ്ടും വേട്ടയാടുന്നു. പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ ചാണ്ടി അഗ്‌നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായ ഉമ്മന്‍ ചാണ്ടിയെ സിപിഎം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ് കെ ബി ഗിരീശന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, യുഡിഎഫ് സെക്രട്ടറി സിപി ജോണ്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി, ഫില്‍സണ്‍ മാത്യൂസ്, കെഎം ഷാജി, എംഎം നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് മുമ്പായി എകെ ആന്‍റണി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ചു. കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു.