'സാധാരണക്കാരന് ബുദ്ധിമുട്ടുമോ?'; എഐ കാമറ പ്രവര്‍ത്തനത്തില്‍ സമ്മിശ്ര പ്രതികരണവുമായി പൊതുജനം
തിരുവനന്തപുരം: എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ സമ്മിശ്ര പ്രതികരണവുമായി പൊതുജനം. എഐ കാമറ വഴി നിയമലംഘനങ്ങൾക്ക് തിങ്കളാഴ്‌ച രാവിലെ എട്ട് മണി മുതൽ പിഴ ഈടാക്കി തുടങ്ങിയ സാഹചര്യത്തിൽ ഈ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു. സാധാരണക്കാരന് ബുദ്ധിമുട്ടും സർക്കാരിന് ലാഭവുമെന്നായിരുന്നു എഐ കാമറ പദ്ധതിയിൽ ഒരു വിഭാഗം ജനങ്ങളുടെ പ്രതികരണം.
എന്നാൽ ഇത്തരം കർശനമായ നിയമങ്ങളിലൂടെ ഒരു പരിധിവരെ റോഡ് അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാനാകുമെന്നും പൊതുജനം അഭിപ്രായപ്പെട്ടു. പ്രധാനമായും ഏഴ് ഗതാഗത നിയമലംഘനങ്ങളാണ് എഐ ക്യാമറ വഴി കണ്ടെത്തുന്നത്. റോഡുകളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയും, ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‌താല്‍ 1000 രൂപയും, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവരില്‍ നിന്ന് 2000 രൂപയും, അനധികൃത പാർക്കിങ്ങിന് 250 രൂപയും, അമിതവേഗത്തിന് 1500 രൂപയുമാണ് പിഴ. ഒരു കാമറയിൽ പതിഞ്ഞ നിയമലംഘനം വീണ്ടും മറ്റൊരു കാമറയിൽ പതിഞ്ഞാലും പിഴ വീണ്ടും ആവർത്തിക്കും. ചുവപ്പ് സിഗ്നൽ ലംഘിക്കുന്ന നിയമലംഘനങ്ങൾ കോടതിയിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക.
സംസ്ഥാനത്തെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മൂന്നാമത്തെയാള്‍ 12 വയസിന് താഴെയുള്ള കുട്ടിയാണെങ്കില്‍ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കുന്നത് വരെ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി തത്‌കാലം പിഴ ഈടാക്കില്ല. ഇത് സംബന്ധിച്ച കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിനയച്ച കത്തിൽ മറുപടി വരുന്നത് വരെ ഈ ഇളവ് തുടരും.
Also read: നിയമം ലംഘിക്കരുത്, എഐ കാമറ വർക്ക് തുടങ്ങി; കുട്ടികള്‍ക്ക് തത്‌കാലം പിഴയില്ല, വിശദമായി അറിയാം...