കേരളം

kerala

Monthly Quota Controversy Advocate Shone George About CM And Veena

ETV Bharat / videos

മാസപ്പടി വിവാദം; 'പിവി' പിണറായി വിജയന്‍ തന്നെ'; രൂക്ഷ വിമര്‍ശനവുമായി അഡ്വ.ഷോണ്‍ ജോര്‍ജ് - Monthly Quota Controversy

By ETV Bharat Kerala Team

Published : Jan 13, 2024, 4:17 PM IST

കോട്ടയം:മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെയുള്ള മാസപ്പടി കേസിലെ 'പിവി' പിണറായി വിജയന്‍ തന്നെയാണെന്ന് പരാതിക്കാരനായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. കേസിലെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. ഇത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തിലുള്ള തന്‍റെ നിയമ പോരാട്ടം ആരംഭിച്ചത് മുതല്‍ സംസ്ഥാന പൊലീസും അന്വേഷണ ഏജന്‍സികളും രഹസ്യമായി തന്നെ പിന്തുടരുന്നതായും ഷോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണത്തിന്  താൻ നൽകിയ പൊതു താത്പര്യ ഹർജിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത് പൊതുസമൂഹത്തിന്‍റെ മുന്നിൽ എത്തിക്കേണ്ടത് ഉത്തരവാദിത്വമാണ്. വെറും മാസപ്പടി വിവാദത്തിൽ ഒതുങ്ങുന്നതല്ല എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ബന്ധം. സംസ്ഥാനത്തിന്‍റെ തീരദേശങ്ങളെ വിൽപ്പന ചരക്കാക്കി മാറ്റി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അടക്കം പങ്കാളിത്തമുള്ള കമ്പനിയുമായി 40,000 കോടി രൂപയിലധികം വരുന്ന ഇടപാടുകളാണ് നടക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. കൈപ്പറ്റിയിരിക്കുന്ന പണം അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റകരമാണ്. ഇന്ത്യയുടെ അതീവ സുരക്ഷയെ ബാധിക്കുന്ന അറ്റോമിക് മിനറല്‍സുള്ള കാര്യം പോലും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതിനെ രാഷ്‌ട്രീയമായി കാണരുതെന്നും ഇതൊരു വലിയ അഴിമതിയാണ്. ഇത്രയും വലിയ അഴിമതിയെ പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് രണ്ട് മാസം കൊണ്ട് തീരും, താന്‍ എന്തായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമില്ല അതുകൊണ്ട് രാഷ്‌ട്രീയം നോക്കാതെ ഇതിനെതിരെ നടപടിയുണ്ടാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 

ABOUT THE AUTHOR

...view details