'നടനാക്കിയത് രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍, പുരസ്‌കാരം നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു': പി പി കുഞ്ഞികൃഷ്‌ണന്‍ - ന്നാ താൻ കേസ് കൊട്
എറണാകുളം: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ കാരണം ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സംവിധായകനെന്ന് പി പി കുഞ്ഞികൃഷ്‌ണൻ. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈ സിനിമയ്ക്ക് ഏഴ് അവാർഡുകൾ കിട്ടിയതിൽ സന്തോഷമുണ്ട്. തെരുവു നാടകം കളിച്ചും പരിഷത്തിന്‍റെ കലാജാഥയിൽ പങ്കെടുത്തുമുള്ള അനുഭവം മാത്രമാണ് അഭിനയ രംഗത്തുള്ളത്. സിനിമയിൽ അഭിനയിക്കാൻ കാരണം സുഹൃത്തുക്കളുടെ നിർബന്ധമാണ്' -കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു. തന്‍റെ പുരസ്‌കാരം നാട്ടുകാർക്കും ഈ സിനിമയിലെ എല്ലാവർക്കും സമർപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. താൻ അവതരിപ്പിച്ച ജഡ്‌ജിയുടെ കഥാപാത്രം സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്‍റെ ജഡ്‌ജിയാണ് എന്നും അദ്ദേഹം പറഞ്ഞു തന്നു, ഒരു പരിധി വരെ താൻ അത് ചെയ്യാൻ ശ്രമിച്ചു എന്നും കുഞ്ഞികൃഷ്‌ണന്‍ പ്രതികരിച്ചു. രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ ആണ് തന്നെ നടനാക്കി മാറ്റിയതെന്നും അധ്യാപകനായ താൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം പൊതുപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇത്തരമൊരു അവസരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് സ്വദേശിയായ പി പി കുഞ്ഞികൃഷ്‌ണൻ പുതിയതായി അഭിനയിച്ച പഞ്ചവത്സര പദ്ധതികൾ എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾക്ക് വേണ്ടിയാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ഇതിനിടയിലാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെന്ന സന്തോഷ വാര്‍ത്ത തേടിയെത്തിയത്.