ഓർമയില്‍ മായാതെ ആ ചിരിത്തിളക്കം, ഇന്നസെന്‍റിന് വിട - ഇന്നസെന്‍റിന്‍റെ വിയോഗം
തൃശൂർ:സിനിമയിലും ജീവിതത്തിലും ചിരിയുടെ വിരുന്നൊരുക്കി മലയാളിയെ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത നടനും മുൻ എംപിയുമായ ഇന്നസെന്‍റിന് വിട. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്നസെന്‍റിന്‍റെ (75) ഭൗതിക ദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ആരാധകർ തങ്ങളുടെ പ്രിയ നടനെ ഓർത്ത് വിതുമ്പിയപ്പോൾ എന്നും മാർഗദർശിയായ ഇന്നച്ചന്‍റെ വേർപാടിന്‍റെ വേദനയിലായിരുന്നു സിനിമ മേഖലയിലുള്ളവർ. രാവിലെ 10 മണിയോടെ ഇന്നസെന്‍റിന്‍റെ ഭൗതിക ശരീരം സെന്‍റ് തോമസ് കത്തീഡ്രലിലേക്ക് വിലാപ യാത്രയായി എത്തിച്ചപ്പോൾ ഇടവേള ബാബുവും ടോവിനോയും അടക്കമുള്ള താരങ്ങൾ അനുഗമിച്ചു. ദിലീപ്, കാവ്യ മാധവൻ, നാദിർഷ, സത്യൻ അന്തിക്കാട് തുടങ്ങിയ സിനിമ താരങ്ങളും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ആർ ബിന്ദു, വിഎൻ വാസവൻ, കെ രാധാകൃഷ്‌ണൻ എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഞായറാഴ്‌ച രാത്രി പത്തരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്‍റിന്‍റെ വിയോഗം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡജിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് ശേഷം തിങ്കളാഴ്‌ച വൈകിട്ടാണ് വീട്ടിലെത്തിച്ചത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവർ ഇന്നസെന്‍റിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി ദീർഘകാലം പ്രവർത്തിച്ച ഇന്നസെന്‍റ് 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് സിപിഎം പിന്തുണയോടെ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്‍റെ പൊതു മണ്ഡലത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഇന്നസെന്‍റ്. കഷ്‌ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിത പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന് മലയാള സിനിമ കീഴടക്കിയ ഇന്നസെന്‍റിന് യാത്രാമൊഴി നൽകാനെത്തിയത് ആയിരങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സിനിമ മേഖലയിലെ പ്രശസ്‌തരും അന്ത്യാഞ്ജലി അർപ്പിച്ചു.