ബാറിലുണ്ടായ തര്‍ക്കം, വിമുക്ത സൈനികനെ അടിച്ചു കൊന്ന കേസ് ; 4 പേര്‍ കസ്റ്റഡിയില്‍ - വിമുക്ത സൈനികനെ മര്‍ദിച്ച് കൊലപ്പെടുത്തി
Published : Nov 9, 2023, 7:45 AM IST
തിരുവനന്തപുരം : ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമുക്ത സൈനികനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ കസ്റ്റഡിയില്‍ (Accuses In Custody In Ex Serviceman Murder Case In Poojapura). തിരുവനന്തപുരം സ്വദേശികളായ ഷംനാദ്, ജെറിൻ, രദീപ്, പ്രദീപ് എന്നിവരെയാണ് പൂജപ്പുര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കായി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. പൂന്തുറ സ്വദേശിയായ പ്രദീപാണ് (54) കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച (നവംബര്‍ 7) രാത്രി 9.30 ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. മദ്യ ലഹരിയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൂജപ്പുര ജംഗ്ഷനിൽ നിന്നും മുടവൻമുകളിലേക്കുള്ള റോഡിലെ ബാറില്‍ വച്ച് പ്രദീപും ആറംഗ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ബാറില്‍ നിന്ന് പുറത്തെത്തിയ ആറംഘ സംഘം പ്രദീപിനെ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ സംഘം പ്രദീപിനെ തറയിലേക്ക് തള്ളിയിട്ടു. തലയിടിച്ച് വീണ പ്രദീപ് സംഭവ സ്ഥലത്ത് മരിച്ചു. ആറംഗ സംഘത്തിന്‍റെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പ്രദീപിന്‍റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഘം ആക്രമിക്കുന്നതും തറയിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.