VIDEO| സമയപരിധി കഴിഞ്ഞിട്ടും പരിപാടി തുടര്‍ന്നു; എ ആര്‍ റഹ്മാന്‍റെ ഷോ തടഞ്ഞ് പൊലീസ് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പൂനെ: ഓസ്‌കര്‍ അവാര്‍ഡ് ജേതാവും പ്രശസ്‌ത സംഗീതജ്ഞനുമായ എ ആര്‍ റഹ്മാന്‍റെ ഷോ തടഞ്ഞ് പൂനെ പൊലീസ്. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അനുവദിച്ച സമയം കഴിഞ്ഞിട്ടും ഷോ നിര്‍ത്താതിരുന്നതിനാല്‍ പൊലീസ് ഇടപെട്ടത്. പൊലീസ് പരിപാടി തടയുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെയായിരുന്നു പരിപാടിയ്‌ക്കായി ക്രമീകരിച്ചിരുന്ന സമയം. എന്നാല്‍, രാത്രി 10 മണിയ്‌ക്ക് ശേഷവും പരിപാടി തുടര്‍ന്നു. ഇതേതുടര്‍ന്ന് പൂനെ പൊലീസ് സ്‌റ്റേജില്‍ കയറി ചെന്ന് എല്ലാവരോടും പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
കടുത്ത ഭാഷയിലായിരുന്നു പൊലീസ് പരിപാടി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം രാത്രി 10 മണിക്ക് ശേഷം പരിപാടി നടത്താനാകില്ലെന്ന് നിങ്ങള്‍ക്കറിയില്ലെ?. പിന്നെ എങ്ങനെയാണ് സമയപരിധി കഴിഞ്ഞിട്ടും ഇത് തുടര്‍ന്നുകൊണ്ടുപോകുന്നതെന്ന് പൊലീസ് ചോദിച്ചു. ശേഷം, പരിപാടി അവസാനിപ്പിച്ച് എ ആര്‍ റഹ്മാന്‍ സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി.
പൊലീസിന്‍റെ സമീപനത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. പ്രശസ്‌ത സംഗീതജ്ഞനായ ഒരു വ്യക്തിയെ പൊലീസ് അപമാനിക്കുകയാണുണ്ടായെന്ന് ഒരു പക്ഷം. എന്നാല്‍, പൊലീസ് തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്‌തതെന്ന് മറ്റൊരു കൂട്ടം ആളുകളും പറയുന്നു. എന്തായാലും സംഭവത്തിന്‍റെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.