കേരളം

kerala

ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു

ETV Bharat / videos

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ് അഗ്നിരക്ഷ സേനാംഗത്തിന് പരിക്ക് - ഫയർഫോഴ്‌സ്

By

Published : May 5, 2023, 9:43 AM IST

കോട്ടയം: നീണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഫയർ എഞ്ചിന്‍റെ മുകളിൽ നിന്ന് വീണ് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥന് പരിക്കേറ്റു. നീണ്ടൂർ പ്രാവെട്ടത്ത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പുതിയ ബൈക്കുകളുമായി കോട്ടയത്തെ ബൈക്ക് ഷോറൂമിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിക്കുള്ളിലാണ് തീ പടർന്നത്.  

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കണ്ടെയ്‌നറിനുള്ളിലെ ഏതെങ്കിലും ബൈക്കിൽ നിന്നും തീ പടർന്നാതാകാമെന്ന നിഗമനത്തിലാണ് ലോറി ഡ്രൈവർ. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് കോട്ടയം ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർ റസ്ക്യൂ ഓഫിസർ തിരുവനന്തപുരം സ്വദേശി എസ് അജിത്കുമാറിന് പരിക്കേറ്റത്. ഫയര്‍ എഞ്ചിന്‍റെ മുകളില്‍ നിന്നും വീണ അജിത്‌കുമാറിന് തലയ്‌ക്കും തോളിനും പരിക്കേല്‍ക്കുകയായിരുന്നു.

കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ലോറി ഡ്രൈവര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വാഹനം നിര്‍ത്തി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷ സേന സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം എംവിഐ ബി ആശാകുമാറും സംഘവും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.  

പിന്നാലെ അഗ്നിരക്ഷ സേന സംഘം ഫയർ സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്‍റെ നേതൃത്വത്തിൽ തീ അണക്കാനുള്ള നടപടി സ്വീകരിച്ചു. ഇതിനിടെ നീണ്ടൂർ മുടക്കാലി ഭാഗത്ത് വച്ച് വൈദ്യുതി ലൈനിൽ തട്ടി ഷോർട്ടുണ്ടായിരുന്നതായി ഡ്രൈവർ പറഞ്ഞു. ഇതിന് ശേഷം വാഹനം നീണ്ടൂർ റോഡിൽ വാകമുക്ക് ജങ്‌ഷനിൽ വച്ച് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.  

എംസി റോഡിലൂടെ പോകേണ്ട കണ്ടെയ്‌നർ ലോറി വഴി തെറ്റി നീണ്ടൂർ റോഡ് വഴി വന്നതാണെന്നും ലോറി ഡ്രൈവർ പറഞ്ഞു. കോട്ടയം, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷ സേന സംഘങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details