ശ്വാസം നിലച്ച 13 സെക്കൻഡ്..! അവിശ്വസനീയം ഈ കുഞ്ഞിന്‍റെ രക്ഷപ്പെടല്‍ - വാഹനാപകടം വീഡിയോ
കണ്ണൂർ: ഈ സി.സി.ടിവി ദൃശ്യങ്ങൾ കണ്ടാൽ ഹൃദയം പോലും നിലച്ചുപോകും. ഷാദു റഹ്‌മാൻ എന്ന എട്ടുവയസുകാരന്‍റെ അത്‌ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കണ്ണൂർ ജില്ലയിലെ ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിലാണ് സംഭവം. പുത്തൻ സൈക്കിൾ വാങ്ങി രണ്ടാം ദിവസം വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ അമിത വേഗതയിൽ റോഡിലേക്ക് ഇറങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു ചീറിപ്പാഞ്ഞു വന്ന ബൈക്ക് സൈക്കിൾ ഇടിച്ചു തെറിപ്പിച്ചു. സൈക്കിളില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണ ഷാദു റഹ്‌മാൻ നോക്കി നില്‍ക്കെ പിന്നാലെ എത്തിയ കെഎസ്‌ആർടിസി ബസ് സൈക്കിളിന് മുകളിലൂടെ കയറിയിറങ്ങിപ്പോയി. ശ്വാസം നിലച്ചുപോയ 13 സെക്കൻഡ്. സൈക്കിൾ തവിടുപൊടി. എന്താണ് സംഭവിച്ചതെന്നറിയാതെ റോഡിന് മറുവശം പകച്ചുനില്‍ക്കുന്ന ഷാദു റഹ്‌മാൻ അത്‌ഭുതകരമായ മറ്റൊരു കാഴ്‌ചയാണ്. അപകടത്തില്‍ വിരലിന് പരിക്കറ്റേ ഷാദു റഹ്‌മാൻ വീട്ടില്‍ ചികിത്സയിലാണ്.
Last Updated : Feb 3, 2023, 8:20 PM IST