ഹൈദരാബാദ്: ക്യാൻസറിനെതിരെ പോരാടുന്നവരുടെ ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 22 ന് ലോക റോസ് ദിനം ആചരിക്കുന്നു (World Rose Day Spreading hope to cancer patients worldwide). ക്യാൻസറുമായി പോരാടുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും മാത്രമല്ല അവരുടെ ജീവിതത്തിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ജീവിത പോരാട്ടത്തിൽ നിശ്ചയദാർഢ്യവും പോസിറ്റിവിറ്റിയും അവരെ വിജയത്തിലേക്ക് നയിക്കുമെന്ന് ഓർമിപ്പിക്കുന്നു.
കാനഡയിൽ നിന്നുള്ള 12 വയസ്സുള്ള കാൻസർ രോഗിയായ മെലിൻഡ റോസിന്‍റെ ഹൃദയസ്‌പർശിയായ കഥയിൽ നിന്നാണ് ലോക റോസ് ദിനത്തിന്‍റെ തുടക്കം. ധൈര്യശാലിയായ പെൺകുട്ടി മെലിൻഡയ്ക്ക് 1994-ൽ അസ്‌കിൻസ് ട്യൂമർ എന്ന അപൂർവ രക്താർബുദമാണെന്ന് കണ്ടെത്തി അവൾക്ക് ഏതാനും ആഴ്‌ചകൾ മാത്രമേ ജീവിക്കാനാവുകയുള്ളൂ എന്ന് ഡോക്‌ടർമാർ വിലയിരുത്തി. എന്നിരുന്നാലും മെലിൻഡ പ്രതിബന്ധങ്ങളെ സധൈര്യം നേരിടുകയും സന്തോഷത്തോടെ ഏകദേശം ആറുമാസത്തോളം ജീവിക്കുകയും ചെയ്‌തു. അവളുടെ ശ്രദ്ധേയമായ നിശ്ചയദാർഢ്യവും ജീവിതത്തോടുള്ള ഉത്സാഹവും കാൻസർ ബാധിതര്‍ക്ക് മാത്രമല്ല അവളുടെ ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനമേകി.
ആശുപത്രിയിൽ കഴിയുമ്പോൾ മെലിൻഡ ക്യാൻസറിനെതിരെ പോരാടുന്നവര്‍ക്കും അവരെ പരിചരിക്കുന്നവർക്കും സന്തോഷവും പോസിറ്റിവിറ്റിയും നൽകുകയും ചെയ്‌തു. ഒഴിവുസമയങ്ങളിൽ പ്രതീക്ഷയും ആഹ്ലാദവും പകരുന്ന പ്രചോദനം നൽകുന്ന കത്തുകളും ഇമെയിലുകളും കവിതകളും അവൾ എഴുതുമായിരുന്നു. മെലിൻഡയുടെ ജീവിതത്തോടുള്ള അഭിനിവേശവും ആറ് മാസങ്ങളിലായി മറ്റുള്ളവരെ സഹായിക്കാനുള്ള അവളുടെ അർപ്പണബോധവും മാതൃകയായി. ക്യാൻസറിനെതിരെ പോരാടുന്ന മറ്റുള്ളവർക്ക് അവൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും കിരണമായി.
എന്തുകൊണ്ടാണ് റോസാപ്പൂവ്? :പലപ്പോഴും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ശക്തിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന റോസ്, ക്യാൻസറിനെ അതിജീവിക്കുന്നവർക്ക് പരമപ്രധാനമായ പിന്തുണയെയും അനുകമ്പയെയും സൂചിപ്പിക്കുന്നു. ലോക റോസ് ദിനം ആചരിക്കുമ്പോൾ അവർ നടത്തിയ ദുഷ്‌കരമായ യാത്രയെ അംഗീകരിക്കുന്നതിനായി ക്യാൻസറിനെ അതിജീവിച്ചവർക്ക് പലപ്പോഴും റോസാപ്പൂക്കൾ സമ്മാനിക്കാറുണ്ട്. ഒപ്പം ക്യാൻസറിനെ നേരിട്ടു കൊണ്ടിരിക്കുന്നവര്‍ക്കും.