ന്യൂഡൽഹി: കൊവിഡ് മഹാമാരിയിൽ ലോകത്തിന് നഷ്‌ടമായത് ഏകദേശം 1.49 കോടിയലധികം ജീവനുകളെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട്. 2020ലും 2021ലും മരിച്ചവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. 10 രാജ്യങ്ങളിൽ 68 ശതമാനത്തോളം അധികമരണം റിപ്പോർട്ട് ചെയ്‌തപ്പോൾ തെക്ക്-കിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ മാത്രം സ്ഥിരീകരിച്ചത് 84 ശതമാനത്തോളം അധിക കൊവിഡ് മരണങ്ങളാണ്.
കണക്ക് പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ: 24 മാസ കാലയളവിലുണ്ടായ ആകെ മരണങ്ങളിൽ, വികസ്വര രാജ്യങ്ങളിൽ 81 ശതമാനവും, അവികസിത രാജ്യങ്ങളിൽ 53 ശതമാനവും വികസിത രാജ്യങ്ങളില്‍ 28 ശതമാനവും കൊവിഡ് മരണങ്ങളാണുണ്ടായത്. മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളിലേക്ക് മാത്രമല്ല, മറിച്ച്, കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യസംവിധാനങ്ങളിൽ എല്ലാ രാജ്യങ്ങളും നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് കൂടിയാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആഗോള മരണസംഖ്യ സ്‌ത്രീകളേക്കാൾ (43 ശതമാനം) പുരുഷന്മാർക്കിടയിൽ (57 ശതമാനം) കൂടുതലാണെന്നും കണക്കുകൾ സ്ഥിരീകരിക്കുന്നു. ഔദ്യോഗിക പകര്‍ച്ചവ്യാധി മരണ രേഖകൾ സൂചിപ്പിക്കുന്നതിനേക്കാൾ മൂന്നിരട്ടിയിലധികമാണ് ആഗോള കൊവിഡ് മരണസംഖ്യയെന്ന് മാർച്ചിൽ, ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനം വ്യക്തമാക്കുന്നു.