ഓരോചോക്ലേറ്റിനും ഓരോ കഥ പറയാനുണ്ടാകും.. പങ്കുവച്ച സ്‌നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ കഥകൾ.. ഇനി പങ്കുവയ്‌ക്കലുകളില്ലെങ്കിലോ? 'എന്നെ സന്തോഷിപ്പിക്കാൻ ഞാൻ എനിക്ക് തന്നെ ഒരു ചോക്ലേറ്റ് വാങ്ങി നൽകി' എന്ന് പറയുന്ന അവനവനോടുള്ള ഇഷ്‌ടത്തിന്‍റെ കഥ... ഓരോ ചോക്ലേറ്റും സമ്മാനിക്കുന്നത് ഓരോ അനുഭൂതിയാണ്.. ഒരു നുള്ള് ചോക്ലേറ്റ് പകുത്ത് നൽകിയ ഒത്തിരി നല്ലോർമ്മകൾ...
പ്രിയപ്പെട്ടവർക്ക് അത്രമേൽ ഇഷ്‌ടപ്പെട്ട് നൽകാൻ കഴിയുന്ന മറ്റെന്ത് സമ്മാനമാണുള്ളത്. കവർ തുറക്കുമ്പോഴുള്ള മണവും നാവിൽ അലിഞ്ഞിറങ്ങുമ്പോഴുള്ള രുചിയുമൊക്കെ ചോക്ലേറ്റിന് പത്തരമാറ്റ് തിളക്കം നൽകി. രുചിയും മണവും മാത്രമല്ല, ഗുണം കൊണ്ടും ഏറെ മുന്നിലാണ് ചോക്ലേറ്റ്. മിൽക്ക് ചോക്ലേറ്റുകൾ, ഡാർക്ക് ചോക്ലേറ്റുകൾ, വൈറ്റ് ചോക്ലേറ്റുകൾ, ചോക്ലേറ്റ് ട്രഫിൾസ്, ലിക്വിഡ് ചോക്ലേറ്റുകൾ, ചോക്ലേറ്റ് ബാറുകൾ തുടങ്ങി നിരവധി ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.
പാനീയത്തിൽ നിന്ന് ഇന്നത്തെ ചോക്ലേറ്റിലേക്കുള്ള യാത്ര : ലോകത്തിലെ എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും വേണ്ടിയുള്ള ദിവസമാണിന്ന്... ലോക ചോക്ലേറ്റ് ദിനം... ലോക ചോക്ലേറ്റ് ദിനം ആദ്യകാലത്തിൽ യൂറോപ്പിലാണ് ആഘോഷിച്ചിരുന്നത്. തുടർന്ന്, ആഘോഷങ്ങൾ ലോകമെമ്പാടും വ്യാപിച്ചു. ചോക്ലേറ്റിന്‍റെ ചരിത്രം ഏകദേശം 2,500 വർഷം പഴക്കമുള്ളതാണ്. കൊക്കോ മരത്തിന്‍റെ വിത്തുകൾ സംസ്‌കരിച്ച് അതിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കിയതിന്‍റെ സൂചനകൾ 2,000 വർഷങ്ങൾക്ക് മുമ്പേ യുണൈറ്റഡ് സ്റ്റേറ്റ്സിലുണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ആദ്യകാലത്ത് മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും മാത്രമാണ് ചോക്ലേറ്റ് ഉണ്ടാക്കിയിരുന്നത്. പക്ഷേ, 1528ൽ സ്പെയിൻ മെക്‌സിക്കോ കീഴടക്കിയപ്പോൾ, സ്‌പാനിഷ് രാജാവ് വൻതോതിൽ കൊക്കോ ബീൻസും ചോക്ലേറ്റ് നിർമാണ ഉപകരണങ്ങളുമായി സ്പെയിനിലേക്ക് മടങ്ങി. താമസിയാതെ, സ്‌പാനിഷ് പ്രഭുക്കന്മാർക്കിടയിൽ ചോക്ലേറ്റ് ഒരു ഫാഷനബിൾ പാനീയമായി മാറി. ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ ചോക്ലേറ്റ് കറൻസിയായും ഉപയോഗിച്ചിരുന്നതായി പറയുന്നു.